നിരണത്തെ കർഷക ആത്മഹത്യ ഞെട്ടിക്കുന്നത്; ഇടതിനും സിപിഎമിനും കപട കർഷക സ്നേഹമെന്നും വി മുരളീധരൻ

By Web TeamFirst Published Apr 12, 2022, 6:29 PM IST
Highlights

കേന്ദ്ര പദ്ധതികൾ സംസ്ഥാനം കർഷകരിൽ എത്തിക്കുന്നതിൽ ഉള്ള അലംഭാവം ആണ് കർഷക ആത്മഹത്യക്ക് കാരണം. ഇടതിനും സിപിഎമ്മിനും കപട കർഷക സ്നേഹമാണെന്നും മുരളീധരൻ ആരോപിച്ചു. 

തിരുവനന്തപുരം: കുട്ടനാട് നിരണത്തെ കർഷക ആത്മഹത്യ (Farmer Suicide)  ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ (V Muraleedharan). കേന്ദ്ര പദ്ധതികൾ സംസ്ഥാനം കർഷകരിൽ എത്തിക്കുന്നതിൽ ഉള്ള അലംഭാവം ആണ് കർഷക ആത്മഹത്യക്ക് കാരണം. ഇടതിനും സിപിഎമ്മിനും കപട കർഷക സ്നേഹമാണെന്നും മുരളീധരൻ ആരോപിച്ചു. 

കർഷകർക്ക് വേണ്ടിയുള്ള കേന്ദ്രഫണ്ടുകൾ ലാപ്സാകുകയാണ്. കുട്ടനാട്ടിൽ ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തുകൊണ്ട്? യു.പിയിലും ഡൽഹിയിലും ഉള്ള കർഷകർക്ക് വേണ്ടി മാത്രമേ നാവു പൊന്തൂ എന്നാണോ? ബിജെപി കേരളത്തിലെ കർഷകർക്കായി രം​ഗത്തുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു. 

അപ്പർ കുട്ടനാട്ടിലെ നിരണം സ്വദേശി രാജീവനാണ് ഞായറാഴ്ച രാത്രി തൂങ്ങി മരിച്ചത്. വേനൽ മഴയിൽ വ്യാപകമായി കൃഷി നശിച്ചതും കട ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണം.

കഴിഞ്ഞ രണ്ട് കൊല്ലമായി തുടർച്ചയായുണ്ടാകുന്ന കൃഷിനാശം. നഷ്ടം നികത്താൻ ബാങ്കുകളിൽ നിന്നെടുത്ത ലോൺ . ബാങ്കുകളിലെ പലിശ അടയ്ക്കാൻ സ്വയം സഹായ സംഘങ്ങൾ ഇൽ നിന്നും വായ്പ. ഇതിനിടയിൽ വേനൽമഴയുടെ ദുരിതപ്പെയ്ത്ത്. പാകം എതിയ നെല്ല് കൊയ്ത് കരക്ക് കയറ്റാൻ ആവാതെ വെള്ളത്തിൽ മുങ്ങി. ആകെമൊത്തം നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ രാജീവന്റെ പേരിൽ ആറ് ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. പ്രതീക്ഷകൾ അസ്തമിച്ചപ്പോഴാണ് നെൽകർഷകൻ രാജീവൻ പാടത്തോട് ചേർന്ന ശീമ കൊന്നയിൽ ജീവൻ ഒടുക്കിയത്. പത്തേക്കറിൽ ആണ് കൃഷി ചെയ്തിരുന്നത്. സ്വന്തമായി മൂന്ന് ഏക്കർ ബാക്കി പാട്ടവും. കഴിഞ്ഞ കൊല്ലത്തെ നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല. എക്കർ കണക്കിന് നാശം ഉണ്ടായിട്ട് ആകെ കിട്ടിയത് രണ്ടായിരം രൂപയാണ്. 

കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടാത്തതിനെതിരെ രാജീവൻ അടക്കം 10 കർഷകർ ഹൈക്കോടതിയിൽ റിട്ട് നൽകിയിരുന്നു. ഇതിനൊരു തീരുമാനം ആകും മുൻപാണ് രാജീവിന്റെ വിയോഗം.വീടിനടുത്തുള്ള സ്വയം സഹായ സംഘത്തിൽ പലിശ അടക്കം 40000 രൂപ ഇന്നലെ അടക്കേണ്ടതായിരുന്നു. പണം കണ്ടെത്താൻ പല സ്ഥലങ്ങളിലും ബന്ധപ്പെട്ടെങ്കിലും കഴിഞ്ഞില്ല.

click me!