
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയിൽ നിതിന്റെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒന്നാം പ്രതി ഡോ. എം.കെ. റാമിനെപ്പോലെ തന്നെ സംഗീതയും കുറ്റവാളിയാണെന്നും ഇവർക്ക് ജാമ്യം ലഭിച്ചത് അംഗീകരിക്കാനാവില്ലെന്നും നിതിന്റെ പിതാവ് പറഞ്ഞു. സംഗീത നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് നൽകിയിരുന്നു. എന്നാൽ പൊലീസ് പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു.
റാമും സംഗീതയും ഒരുപോലെ മകനെ വേട്ടയാടിയിട്ടുണ്ട്. അതിനാൽ തന്നെ വിധി പരിശോധിച്ച ശേഷം ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മരണത്തിന്റെ 16-ാം ദിനമാണ് തലശ്ശേരി കോടതി വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം നിഷേധിച്ച കോടതി, ഇയാൾ പട്ടികജാതിക്കാരനാണെന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഇയാൾ കർണാടകയിൽ നിന്നുള്ള ഒബിസി വിഭാഗക്കാരനാണെന്ന് പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തിയതോടെ ജാതി അധിക്ഷേപ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
നിതിനെ ക്ലാസ്സിനകത്തും പുറത്തും ഇയാൾ നിരന്തരം വേട്ടയാടിയിരുന്നതായി സഹപാഠികളും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സമാനമായ പരാതികളിൽ സസ്പെൻഷനിലായിരുന്ന ഡോ. റാമിനെയും സംഗീതയെയും സംഭവത്തിന് പിന്നാലെ കോളേജ് പുറത്താക്കിയിരുന്നു. നിതിൻ രാജിനെ ക്ലാസ്സിലും പുറത്തും വേട്ടയാടിയ സംഭവത്തിൽ വകുപ്പ് മേധാവി എം.കെ. റാമിനും ഡോ. സംഗീതയ്ക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് നിതിന്റെ കുടുംബം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam