
കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് ( Anjali Reema Dev ) ഇന്ന് വീണ്ടും നോട്ടീസ് നൽകും. നാളെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകുക. നോട്ടീസ് കോഴിക്കോട്ടെ വീട്ടിൽ പതിക്കും. അഞ്ജലിയെ കാണാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത സാഹചര്യത്തിൽ ആണ് നോട്ടീസ് വീട്ടിൽ പതിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കുമെന്ന് അഞ്ജലി അറിയിച്ചില്ലെന്നും പൊലീസ് പറയുന്നു.
ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അഞ്ജലിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകുമെന്ന് അഞ്ജലി ഇത് വരെ അറിയിച്ചിട്ടില്ല. അന്വേഷണസംഘത്തിന്‍റെ നോട്ടീസ് അഞ്ജലി നേരിട്ട് കൈപ്പറ്റിയിട്ടുമില്ല. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കഴിഞ്ഞ തവണയും അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
അതേ സമയം കേസിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ള റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിങ്ങാണെന്നാണ് പ്രതികളുടെ വാദം.
വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്‍റെ പേര് മനപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നാണ് ഇവർ നൽകിയ മൊഴി.
റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam