കൈക്കൂലിക്കൊള്ളയില്‍ സംരക്ഷണം: ഉദ്യോഗസ്ഥർക്ക് സര്‍ക്കാര്‍ തണല്‍, വിജിലൻസ് റിപ്പോർട്ടിൽ നടപടിയില്ല

By Web TeamFirst Published Aug 5, 2021, 9:10 AM IST
Highlights

വാളയാറും വേലന്താവളവും ഉള്‍പ്പെടുന്ന പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നെന്നായിരുന്നു വിജിലന്‍സ് മൂന്നുമാസം മുൻപ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്

പാലക്കാട്: പാലക്കാട് ചെക്ക്പോസ്റ്റുകളിലെ മോട്ടോര്‍ വാഹന വകുപ്പ് അഴിമതി വിജിലന്‍സ് കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. കഴിഞ്ഞമാസം 27 ന് വാളയാറില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം കോഴപ്പണം കണ്ടെത്തിയിട്ടും ഒരുദ്യോഗസ്ഥനെതിരെ പോലും നടപടിയെടുത്തില്ല. ചെക്ക് പോസ്റ്റ് വരുമാനത്തിന്‍റെ മൂന്നിരട്ടി കോഴപ്പണമായിരുന്നു വാളയാറില്‍ കണ്ടെത്തിയത്.

വാളയാറും വേലന്താവളവും ഉള്‍പ്പെടുന്ന പാലക്കാട്ടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നെന്നായിരുന്നു വിജിലന്‍സ് മൂന്നുമാസം മുൻപ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.  ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരുടെ ഉന്നം കോഴയാണെന്നും അ‍ഞ്ച് വർഷത്തിനിടെ നടത്തിയ 62 മിന്നല്‍ പരിശോധനകളുടെ വെളിച്ചത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ മാസം 27 ന് രാത്രി നടത്തിയ പരിശോധനയില്‍ 1.71 ലക്ഷം രൂപയാണ് കോഴപ്പണമായി കണ്ടെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരുടെ ആറ് മണിക്കൂറിലെ കോഴ വരുമാനമായിരുന്നു ഇത്. സര്‍ക്കാരിലേക്ക് നികുതിയിനത്തില്‍ ലഭിച്ചതാവട്ടെ 63000 രൂപ മാത്രമായിരുന്നു. 

മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോര്‍ട്ട് നല്‍കി. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. ഈ ആറുപേരും അടുത്ത ഷിഫ്റ്റില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ വിജിലന്‍സ് സംഘം രണ്ടുമാസം മുൻപ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. അവരിപ്പോഴും സസ്പന്‍ഷനിലാണ്. ദിവസവും ലക്ഷങ്ങള്‍ കോഴവാങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രം സര്‍ക്കാര്‍ തണലില്‍ സുരക്ഷിതരായിരിക്കുന്നു. പൊലീസിനും മോട്ടോര്‍ വകുപ്പിനും രണ്ട് നീതിയെന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്.

click me!