Latest Videos

പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവം; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിയില്ല,വ്യാജ പ്രചാരണമെന്ന് നേതൃത്വം

By Web TeamFirst Published Sep 25, 2021, 12:24 PM IST
Highlights

നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

കൊല്ലം: കൊല്ലം ചവറയിൽ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന് സിപിഎം (cpm) തീരുമാനം. നിലം നികത്താൻ സഹായം ചെയ്യാത്തതിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. വ്യവസായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.

ധിക്കാരമോ ധാർഷ്ട്യമോ ഭീഷണിയോ ഈ വാക്കുകളിൽ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തൽ. രണ്ട് പേർ തമ്മിലുള്ള ഫോൺ സംഭാഷണം എന്നതിനപ്പുറം ഭീഷണി മുഴക്കിയ ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെ നടപടിയെടുക്കാൻ തക്ക കാരണങ്ങളൊന്നും ഈ സംഭാഷണത്തിൽ ഇല്ലെന്നും കൊല്ലത്തെ സിപിഎം നേതാക്കൾ വിശദീകരിക്കുന്നു. നിലം നികത്താനുള്ള വ്യവസായിയുടെ ശ്രമത്തിന് ബിജു കൂട്ടുനിന്നില്ലെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകൾ പാർട്ടിയുടെ പക്കലുണ്ടെന്നും നേതാക്കൾ വിശദീകരിച്ചു. എന്നാൽ പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ ബിജുവിനെ ന്യായീകരിക്കാൻ സിപിഎം നേതാക്കളാരും തയ്യാറുമല്ല. ഇതിനിടെ നിലം നികത്തിയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത് എന്ന സിപിഎം  ആരോപണം തെറ്റാണെന്ന് പ്രവാസി വ്യവസായി ഷാഹിയും കുടുംബവും വിശദീകരിച്ചു.

കൃഷി ഓഫിസർക്കെതിരെയും വ്യവസായി ഷാഹി വിജയൻ പരാതി ഉന്നയിച്ചെങ്കിലും ഇതിൽ കഴമ്പില്ലെന്നാണ് വകുപ്പ് ഉന്നതരുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഓഡിറ്റോറിയത്തോട് ചേർന്നു കിടക്കുന്ന അമ്പത് സെന്റ് സ്ഥലം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടത് തന്നെയാണെന്നും കൃഷി വകുപ്പ് വിശദീകരിക്കുന്നു.

click me!