'പ്രചാരണം അടിസ്ഥാനരഹിതം'; സക്കീർഹുസൈനെ സിപിഎം പുറത്താക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി

Web Desk   | Asianet News
Published : Jun 16, 2020, 12:21 PM ISTUpdated : Jun 16, 2020, 12:38 PM IST
'പ്രചാരണം അടിസ്ഥാനരഹിതം'; സക്കീർഹുസൈനെ സിപിഎം പുറത്താക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി

Synopsis

ഇപ്പോഴും സക്കീർ തന്നെയാണ് ഏരിയ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തീരുമാനം എടുക്കുമ്പോൾ പരസ്യമായി അറിയിക്കുമെന്നും മോഹനൻ പറഞ്ഞു.

കൊച്ചി: അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് സക്കീർ ഹുസൈനെ പാർട്ടി പുറത്താക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു.  ഇപ്പോഴും സക്കീർ തന്നെയാണ് ഏരിയ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തീരുമാനം എടുക്കുമ്പോൾ പരസ്യമായി അറിയിക്കുമെന്നും മോഹനൻ പറഞ്ഞു. പാർട്ടി തന്നെ ഏരിയാ സെക്രട്ടഫി സ്ഥാനത്തുനിന്ന് പുറത്താക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈനും പ്രതികരിച്ചു. 

തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് സിപിഎം ജില്ലാ നേതൃത്വമാണ്. തന്റെ പേരിൽ സ്വത്തുക്കൾ ഇല്ല. തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയുമില്ല. തനിക്കെതിരെ പരാതി നൽകിയത് ഒരു വിവരാവകാശ ​ഗുണ്ടയാണ്. അന്വേഷണം അടക്കമുള്ളവ പാർട്ടിയുടെ പരിധിയിൽ വരുന്നതാണ്. തനിക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ പുറത്താക്കിയെന്ന് ഇന്നലെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ആഭ്യന്തര അന്വേഷണസമിതി സക്കീർ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. 

ഈ സമിതി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെ പുറത്താക്കിയതെന്നായിരുന്നു പ്രചാരണം. ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തൽ, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ ഇങ്ങനെ നിരവധി വിവാദങ്ങൾ നേരിടുകയും ആരോപണവിധേയനാവുകയും ചെയ്തയാളാണ്  സക്കീർ ഹുസൈൻ. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്. 

സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി. ജില്ലാ കമ്മിറ്റിയാണ് സക്കീർ ഹുസൈനെതിരെ അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി എം ദിനേശ് മണി, പി ആർ മുരളി എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല.

പരാതിയിൽ സക്കീർ ഹുസൈൻ പാർട്ടിക്ക് വിശദീകരണം നൽകുകയും ചെയ്തിരുന്നു. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമാണ് സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇതിന് മുമ്പ് സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു
കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്; ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു