
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് ജയിൽവാസം. ഇന്നലെ അർധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ ജയിലിന് മുന്നിലും ശക്തമായ പ്രതിഷേധം ഉയർത്തി. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പൽ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങൾ.
പാലക്കാട്ടെ മിന്നുന്ന ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിറകെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്ക് എതിരെ തുടർച്ചയായ ബലാത്സംഗം പരാതികൾ വന്നത്. കുറ്റകൃത്യമെല്ലാം 2025 ന് മുൻപ് നടന്നതാണ്. എല്ലാ കേസുകളിലും സമാന ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുക. കുഞ്ഞ് വേണമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. ഗർഭിണി ആകുമ്പോൾ ഭീഷണപ്പെടുത്തി ബന്ധം അവസാനിപ്പിക്കുക എന്നതാണ് രാഹുലിന്‍റെ രീതി.
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എം എൽ എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് വിവരിച്ചിട്ടുണ്ട്. നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30 നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എ ആർ ക്യാംപിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധനയടക്കം നടത്തിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വലിയ പ്രതിഷേധമാണ് ആശുപത്രിയിലും മജിസ്ട്രേറ്റിന്‍റെ വസതിക്ക് മുന്നിലും രാഹുലിനെതിരെ ഡി വൈ എഫ് ഐയും യുവമോർച്ചയും ഉയർത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam