
കണ്ണൂർ: സിപിഎമ്മിന്റെ ഒരു പാർട്ടി കമ്മിറ്റിയിലും ജാതി സംവരണമില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. ഓരോ പാർട്ടി കോൺഗ്രസ് വരുമ്പോഴും പാർട്ടിയിലെ പിന്നോക്ക ജാതിക്കാരുമായി ബന്ധപ്പെട്ട ചോദ്യം വരാറുണ്ട്. ജാതി സംവരണം പാർട്ടിയിൽ ഇല്ല. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ച് പരിചയമുള്ളവരാണ് മേൽക്കമ്മിറ്റികളിലേക്ക് വരുന്നത്. അത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല. ദളിത് പ്രാതിനിധ്യം ഉണ്ടാകുമോ ഇപ്പോഴത്തെ പാർട്ടി കോൺഗ്രസിൽ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തകർന്നെന്ന് പരക്കെ പറയുന്നുണ്ട്. സംഘടനാ റിപ്പോർട്ട് സ്വയം വിമർശന പരമായാണ് അവതരിപ്പിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ നയം നല്ലതായിരുന്നു. കോൺഗ്രസിന് ബദലാകാൻ കഴിയില്ല. കോൺഗ്രസിന് നയമില്ല. അത്തരമൊരു പാർട്ടിക്ക് നയമുള്ള പാർട്ടിയുടെ ബദലാകാൻ കഴിയില്ല. ബിജെപിക്ക് ഹിന്ദുത്വ നയമുണ്ട്. അതിനാൽ രാഷ്ട്രീയ സഖ്യം കോൺഗ്രസുമായി സിപിഎം ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ല.
പശ്ചിമ ബംഗാളിൽ പാർട്ടി വല്ലാത്ത അവസ്ഥയിലായിരുന്നു. കോൺഗ്രസുമായി നീക്കുപോക്കിന് പാർട്ടി അനുമതി കൊടുത്തത് രാഷ്ട്രീയ സഖ്യമായി മാറി. കേന്ദ്രത്തിന്റെ അംഗീകാരം ഇല്ലാത്ത സഖ്യത്തിലേക്ക് ബംഗാൾ ഘടകം പോയി. പാർട്ടിക്കോ മുന്നണിക്കോ നേട്ടമുണ്ടായില്ല. അത് ജനവും തള്ളി. അക്കാര്യം ബംഗാൾ ഘടകം തിരിച്ചറിഞ്ഞു. മുടങ്ങിപ്പോയ ചില പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കിയത് സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും ബാലൻ പറഞ്ഞു.
പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം
കണ്ണൂർ: സി പി എം 23ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി കോൺഗ്രസിന് ഔദ്യോഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തിയത്.
പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനും മുസ്ലീംലീഗിനുമെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തകർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനും മുസ്ലീം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്. പാർലമെൻ്റിലും കേരളത്തിനായി ശബ്ദിക്കാൻ അവർക്ക് കഴിയുന്നില്ല. സിപിഎമ്മിനോടുള്ള വിരോധം മാത്രമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺഗ്രസിൻ്റെ സമീപനമെന്നും നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam