KAS : കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല, ഉത്തരവ് ഇറങ്ങി; സിവിൽ സർവ്വീസ് പ്രതിഷേധം ഫലം കണ്ടില്ല

By Web TeamFirst Published Dec 7, 2021, 8:20 AM IST
Highlights

ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക്‌ പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും. സ്പെഷ്യൽ പേ നൽകണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഐഎഎസ് അസോസിയേഷൻ. 

തിരുവനന്തപുരം: സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം തള്ളി കെഎഎസ് (KAS) അടിസ്ഥാന ശമ്പളം 81,800 തന്നെയാക്കി സർക്കാർ ഉത്തരവിറക്കി. കെഎഎസുകാർക്ക് നേരത്തെ നിശ്ചയിച്ച ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയത്. ഐഎഎസ്സുകാരുടെ (IAS) എതിർപ്പ് തണുപ്പിക്കാൻ സ്പെഷ്യൽ പേ അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.-

ഐഎഎസ്-ഐപിഎസ്-ഐഎഫ്എസ് അസോസിയേഷനുകൾ ഒരുമിച്ചെതിർത്തിട്ടും സർക്കാർ കുലുങ്ങിയില്ല. കെഎഎസിന് കഴിഞ്ഞ മന്ത്രിസഭാ യോഗം നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്താതെ ഉത്തരവിറക്കിയിരിക്കുകയാണ്. പരാതി കണക്കിലെടുത്ത് നേരത്തെ കെഎഎസ്സിന് തീരുമാനിച്ച പത്ത് ശതമാനം ഗ്രേഡ് പേ ഒഴിവാക്കി. പരിശീലനത്തിന് ശേഷം കെഎഎസ്സുകാർക്ക് കിട്ടുന്ന ആനുകൂല്യത്തിൽ എണ്ണായിരത്തോളം രൂപയുടെ കുറവ് ഇത് വഴി ഉണ്ടാകും, പക്ഷേ പകരം പ്രതിവർഷം രണ്ടായിരം രൂപ ഇൻക്രിമെൻറ് നൽകും. ഫലത്തിൽ ഇപ്പോഴും കെഎഎസുകാരുടെ തുടക്ക ശമ്പളം ഐഎഎസ്സുകാരെക്കാൾ 22000 ത്തോളം രൂപ കൂടുതലാകും.

നാളത്തെ മന്ത്രിസഭാ യോഗത്തിന് മുമ്പ് ഉത്തരവിറക്കാൻ മുഖ്യമന്ത്രി തന്നെ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിക്കുകയായിരുന്നു. കെഎഎസ് അടിസ്ഥാന ശമ്പളം നിലനിർത്തുമ്പോഴും അപാകത തീർക്കാൻ സ്പെഷ്യൽ പേ എന്ന ഐഎഎസ് അസോസിയേഷൻ ആവശ്യം സർക്കാർ പരിഗണിക്കുന്നുണ്ട്. പതിനായിരം മുതൽ ഇരുപത്തിഅയ്യായിരും വരെയാണ് അസോസിയേഷൻ സ്പെഷ്യൽ പേ ആയി ചോദിച്ചത്. 

പോര് തീർക്കാൻ സ്പെഷ്യൽ പേ കൂടി അനുവദിക്കുകയാണെങ്കിൽ വൻ തുക  സർക്കാറിന് അധികബാധ്യതയായി വരും. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ചും പെൻഷൻ കുടിശ്ശിക മാറ്റിവെച്ചും മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ ബാധ്യത .  കെഎഎസ്സിൻറെ ശമ്പളം പന്ത്രണ്ടാം ശമ്പള കമ്മീഷൻറെ ടേംസ് ഓഫ് റഫൻറസിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ അടുത്തിടെ സർക്കാറിന് റിപ്പോർട്ട് നൽകിയ പതിനൊന്നാം ശമ്പളകമ്മീഷൻ  കെഎഎസിന് നിശ്ചയിച്ച 63700 അടിസ്ഥാന ശമ്പളം സ‍ർക്കാ‍ർ അംഗീകരിച്ചെങ്കിൽ വിവാദങ്ങളും അധിക സാമ്പത്തിക ബാധ്യതയും ഒഴിവാക്കാമായിരുന്നു

updating...

tags
click me!