യത്തീംഖാനകളിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ലെന്ന് സിബിഐ

By Web TeamFirst Published Oct 16, 2019, 9:13 PM IST
Highlights

കുട്ടികളെ എത്തിച്ചത് സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമിട്ടെന്ന് സിബിഐ. യത്തീംഖാനകളി‌ൽ കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തൽ. സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കൊച്ചി: സംസ്ഥാനത്തെ യത്തീംഖാനകളിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ലെന്ന് സിബിഐയുടെ റിപ്പോർട്ട്. സൗജന്യ വിദ്യാഭ്യാസത്തിനായാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് സിബിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 

2014 ൽ ബിഹാർ, ബംഗാൾ, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട് മുക്കം, വെട്ടത്തൂർ എന്നിവിടങ്ങളിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കടത്തി എന്നായിരുന്നു പരാതി. 455 കുട്ടികളെ ഉത്തരേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തികൊണ്ടു വന്നുവെന്ന് പാലക്കാട് ചൈൽഡ് വെൽഫയർ കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സിബിഐയുടെ കണ്ടെത്തൽ. സംസ്ഥാനത്തെ യത്തീംഖാനകളിലേക്ക് കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

സൗജന്യ വിദ്യാഭ്യാസത്തിന് കുട്ടികൾ വന്നത് കുട്ടിക്കടത്തായി ചിത്രീകരിക്കപ്പെട്ടതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കുട്ടികൾക്ക് സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും പഠനോപകരണങ്ങളും അടക്കമുള്ള സൗകര്യങ്ങൾ യത്തീംഖാന നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. യത്തീംഖാനകളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ പീഢിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബിഹാർ സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

click me!