
തിരുവനന്തപുരം: കൊവിഡ് കാല പ്രതിസന്ധി സംസ്ഥാനത്തെ ഐടി കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാകുന്നു. വാടക ഇളവ് ലഭിക്കാത്തതിനാല്‍ നാല്‍പ്പതോളം ചെറുകിട കമ്പനികള്‍ ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐടി കമ്പിനകളുടെ കൂട്ടായാമയായ ജി ടെക് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ ഐടി പാര്‍ക്കില്‍ വാടക ഇളവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിജ്ഞാപനത്തിലില്ല. ഐടി ഇതര കമ്പിനകള്‍ക്ക് മാത്രമാണ് ഇളവ് നല്‍കുന്നത്. ഐടി കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ഇളവ് മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചെറുകിട കമ്പനികള്‍ക്ക് വാടക താങ്ങാനാകില്ലെന്നതിനാല്‍ ടെക്‌നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ ഒഴിയാനൊരുങ്ങുകയാണ്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നാനൂറോളം ദിവനക്കാരുണ്ടായിരുന്ന ഓഫീസില്‍ ഇപ്പോള്‍ ദിവസവും എത്തുന്നത് വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രം. ഭൂരിഭാഗം പേരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പക്ഷെ കമ്പനിക്ക് വാടകയില്‍ ഇളവില്ല. 10000 ച.അടി വരെയുള്ള സ്ഥാപനങ്ങളുടെ കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക മാത്രമാണ് സര്‍ക്കാര്‍ ഇളവ് ചെയ്തത്. കഴിഞ്ഞ വാരം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ഐടി കമ്പനികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി.
പക്ഷെ സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ ഐടി കമ്പനികള്‍ കടുത്ത നിരാശയിലായി. സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന 10000 ച.അടിയില്‍ താഴയെുള്ള ഐടി ഇതര സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് 2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ വാടക ഇളവ് അനുവദിച്ചത്.
കൊവിഡ് കാലത്ത് തിരിച്ചടി നേരിട്ട ചെറുകിട ഐടി കമ്പനികള്‍ക്ക് വാടകയില്‍ ഇളവില്ലെന്ന തീരുമാനം കൂടി വന്നത് ഇരട്ടി ആഘാതമായി. പ്രതിവര്‍ഷം 5 ശതമാനം വാടക വര്‍ദ്ധന കൂടി കണക്കിലെടുക്കുമ്പോള്‍ ഐടി പാര്‍ക്കില്‍ നിന്ന് ഒഴിയുന്നതാണ് നല്ലെതന്ന് പലരും തീരുമാനമെടുത്തു. വാടക ഇളവില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഐടി കമ്പനികളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നില്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam