
തൊടുപുഴ:തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു. അവിശ്വാസ പ്രമേയത്തോടെ ബിജെപിയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. എട്ട് ബിജെപി കൗണ്‍സിലര്‍മാരിൽ നാലു പേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പാർട്ടി വിപ്പ് അനുസരിച്ച് മൂന്ന് കൗൺസിലർമാർ ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചു.
പി.ജി രാജശേഖരൻ, ശ്രീലക്ഷ്മി സുദീപ് ജയ ലക്ഷ്മി ഗോപൻ എന്നിവരാണ് ബഹിഷ്കരിച്ചത്. ബിന്ദു പത്മകുമാർ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല
ജിതേഷ് ഇഞ്ചക്കാട്ട്, ടി.എസ് രാജൻ, കവിതാ വേണു, ജിഷാ ബിനു എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തത്. നാലു ബിജെപി കൗണ്‍സിലര്‍മാരുടെ വോട്ടെടുകള്‍ കൂടി ലഭിച്ചതോടെയാണ് അവിശ്വാസം പാസായത്.
അതേസമയം, ബിജെപി യുടെ പിന്തുണ ഉണ്ടെന്ന് പറയാൻ പറ്റില്ലെന്നും അവർക്ക് പാർട്ടി വിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ, ഭരണത്തിനെതിരായ നിലപാട് ആണ് അവരിൽ ചിലർ സ്വീകരിച്ചതെന്നും യുഡിഎഫ് അംഗം കെ ദീപക് പറഞ്ഞു.
നഗരസഭ അധ്യക്ഷക്കെതിരെ 14 അംഗങ്ങൾ ഒപ്പിട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആറുമാസം മുമ്പ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നെങ്കിലും മുസ് ലീം ലീഗ് എതിർത്തതോടെ, പ്രമേയം പാസാക്കാനായിരുന്നില്ല. നിലവിൽ യുഡിഎഫ് -13, എൽഡിഎഫ്- 12, ബിജെപി -8 , ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് തൊടുപുഴയിലെ കക്ഷി നില. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപി കൗൺസിലർമാർക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.വികസന പ്രവർത്തനങ്ങളിൽ ഭരണസമിതിക്ക് മെല്ലെപ്പോക്കെന്നാരോപിച്ചാണ് പ്രമേയം. 11.30 നാണ് പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam