ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥ പിഴവെന്ന് തിരുവമ്പാടി ദേവസ്വം; എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ പ്രതിഷേധമെന്ന് പാറമേക്കാവ്

Published : Oct 28, 2024, 08:55 AM ISTUpdated : Oct 28, 2024, 09:03 AM IST
ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥ പിഴവെന്ന് തിരുവമ്പാടി ദേവസ്വം; എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ പ്രതിഷേധമെന്ന് പാറമേക്കാവ്

Synopsis

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ദേവസ്വങ്ങളുടെ പ്രതികരണം 

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചപ്പോൾ എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം.  

തൃശ്ശൂർ പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ല, ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതായിരിക്കാം ഉണ്ടായത്. പൂരവുമായി ബന്ധപ്പെട്ട് പൊതുവായി എടുത്ത തീരുമാനത്തിൽ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ട്. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവസ്വം പൂരം തടയില്ല. പൂരം നടത്തുന്നവരാണ്. അതിനാൽ പൊലീസെടുത്ത കേസിന്റെ പ്രതിപ്പട്ടികയിൽ ദേവസ്വം വരില്ല. നേരത്തെ ഉണ്ടായ മീറ്റിങ്ങുകളിലെ തീരുമാനങ്ങൾ കാറ്റിൽ പറത്തി മുന്നോട്ടുപോയതിനെയാണ് ദേവസ്വം ചോദ്യം ചെയ്തത്.  തെറ്റ് ചെയ്തത് ആരാണെങ്കിലും അനുഭവിക്കണം. ഇതിന് മുമ്പും തൃശ്ശൂരിൽ കമ്മീഷണർ ഉണ്ടായിരുന്നു. എല്ലാവരും സൗഹൃദത്തോട് നിൽക്കുന്നതാണ് തൃശൂരിൽ കണ്ടത്. പക്ഷേ കഴിഞ്ഞ കമ്മീഷണർ പൂരത്തിന് തടസ്സങ്ങൾ ഉണ്ടാക്കി. കഴിഞ്ഞത് കഴിഞ്ഞു ഇനിയുള്ള പൂരം എങ്കിലും ഒറ്റക്കെട്ടായി നടത്താൻ കഴിയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.

'എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ല'

പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെയെന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് പാറമേക്കാവ് സെക്രട്ടറി  ജി രാജേഷ് ചോദിച്ചു.

ആഘോഷങ്ങൾ നടക്കരുതെന്ന് കരുതി ചെയ്യുന്നത് പോലെയാണ് നടപടികളെ കുറിച്ച് തോന്നുന്നത്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? ഒന്ന് കഴിഞ്ഞാൽ ഒന്നൊന്നായി പ്രശ്നങ്ങളുണ്ടാക്കി സംഘാടകരുടെ വീര്യം തകർക്കുകയാണ് ചെയ്യുന്നത്. ഇതിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഒരു നിലയ്ക്ക് ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുത് എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ അവസാന ആണിയായാണ് എഫ്ഐആർ ഇട്ടത്. ഞങ്ങൾ അന്വേഷണവുമായി സഹകരിക്കും അക്കാര്യത്തിൽ തർക്കമില്ല. ദേവസ്വങ്ങൾ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. ഏത് അന്വേഷണവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഭാഗത്തും തടസ്സമുണ്ടായിട്ടില്ല.ബുദ്ധിമുട്ട് ഉണ്ടാക്കിയത് ഭരണകൂടമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി അഭിപ്രായപ്പെട്ടു. 

 

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഒടുവിൽ കേസ് 

തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞൻറെ പരാതിയിലാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലിസ് ആരെയും പ്രതിചേർക്കാതെ കേസെടുത്തത്. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പെട്ടെന്നുള്ള കേസ്.

ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.  ഒൻപത് ദിവസം കഴിഞ്ഞ് . പ്രത്യേക സംഘവും രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. എന്നാൽ എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം. അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്ത് മുഖം രക്ഷിക്കാനുള്ള ശ്രമം.

കേസെടുക്കുമ്പോഴും ആരെയും പ്രതിയാക്കിയില്ല. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ ദേവസ്വം പ്രതിയാകും. അതൊഴിവാക്കാൻ കൂടിയാണ് ഇത്തരത്തിലുള്ളൊരു കേസ്. വിവിധ പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ പൂരം അലങ്കോലപ്പെട്ടെന്നാണ് ഇൻസ്പെക്ടറുടെ പരാതി. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സ്പർദയുണ്ടാക്കൽ, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 
 

 

 


 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമോ ? പൾസർ സുനി അടക്കം 6 പ്രതികളുടെ ശിക്ഷ നാളെ, തെളിഞ്ഞത് ബലാത്സംഗമടക്കം കുറ്റം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ