
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ടയാൾക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മരണപ്പെട്ട ഇദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വീരാൻ കുട്ടിയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കും.
ഏപ്രിൽ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച വീരാൻ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ സാംപിൾ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ചികിത്സ തുടരുകയായിരുന്നു.
40 വർഷത്തോളമായി ഹൃദ്രോഗവും സമീപകാലത്തായി വൃക്ക സംബന്ധമായ അസുഖങ്ങളുമുള്ള വീരാൻ കുട്ടി കൊവിഡിൽ നിന്നും മുക്തി നേടിയെങ്കിലും ഒരാഴ്ചയായി ആരോഗ്യനില മോശമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ കൂടുതൽ വഷളായി. ഇതോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് വീണ്ടും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു ഇതിനിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
ഏറ്റവും ഒടുവിൽ നടത്തിയ മൂന്ന് കൊവിഡ് പരിശോധനയിലും വീരാൻ കുട്ടിയുടെ ഫലം നെഗറ്റീവായിരുന്നുവെന്നും ഇപ്പോൾ നടത്തിയ സാംപിൾ പരിശോധനയിലും അദ്ദേഹത്തിൻ്റെ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.
ഇതൊരു കൊവിഡ് മരണമായി കണക്കാക്കാനാവില്ല. അതിനാൽ തന്നെ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കില്ല വീരാൻ കുട്ടിയുടെ സംസ്കാരമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഇരുപതിൽ പേരിൽ കൂടുതൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. മതപരമായ ചടങ്ങുകളുടെ സംസ്കാരം നടത്താൻ തടസമില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam