കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപന സുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നൽകി. ജയിൽ വകുപ്പിനെതിരെയാണ് പരാതി. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ഉടൻ കോടതിയെയും സമീപിക്കും. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് കോടതിയെയും കൊഫെപോസ സമിതിയെയും സമീപിക്കാനൊരുങ്ങുന്നത്. കോഫെപോസ കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു.
കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷ്. സ്വപ്നയുടെ സന്ദർശകരുടെ പേരിൽ കേന്ദ്രഏജൻസികളും ജയിൽ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോൾ തുറന്ന പോരിലെത്തിയിരിക്കുന്നത്. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതർ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന ആരോപണം ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. എന്നാൽ കടുത്ത ഭാഷയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ജയിൽ ഡിജിപി ഋഷിരാജ് സിംഗ്, അമ്മയും, മക്കളും, ഭർത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും വ്യക്തമാക്കിയിരുന്നതുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam