പാലാരിവട്ടം പാലം അഴിമതി; അന്വേഷണം തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതി

By Web TeamFirst Published Sep 24, 2019, 11:43 AM IST
Highlights

പാലം പൊളിക്കേണ്ടി വരുമെന്നത് വസ്തുതയാണെന്ന് ഹൈക്കോടതി. പാലം അഴിമതിക്കേസിന്‍റെ അന്വേഷണം തടസ്സപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും കോടതി.

കൊച്ചി:  പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്‍റെ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഉദ്ദ്യേശിക്കുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.  പാലം പൊളിക്കേണ്ടി വരുമെന്നത് വസ്തുത തന്നെയാണെന്നും  കോടതി പറഞ്ഞു. കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ്  കോർപറേഷൻ  അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ,  നാലാം പ്രതിയും  മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Read Also:'ആ പേരുകൾ സുമിത് ഗോയലിന് അറിയാം'; ഉന്നത നേതാക്കള്‍ക്ക് പാലാരിവട്ടം അഴിമതിയിൽ പങ്കെന്ന് വിജിലൻസ്

കേസന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്ന് പറഞ്ഞ കോടതി പാലത്തിന്‍റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോർട്ട്‌ പരിശോധിക്കേണ്ടതുണ്ടെന്നും അറിയിച്ചു. കേസ് ഡയറി വെള്ളിയാഴ്ച്ച ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. അനുബന്ധ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലം പൊളിക്കാൻ സർക്കാർ തീരുമാനിച്ചെന്നും അഴിമതിയിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വിജിലൻസ് കോടതിയില്‍ പറഞ്ഞു.അഴിമതിയുടെ ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Read Also:'ആ ഉന്നതരിൽ ഞാനില്ല'; വിജിലൻസ് റിപ്പോർട്ടിനെ കുറിച്ച് ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലത്തിനു കുഴപ്പമില്ലെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് ഇന്ന്  പ്രതികൾ ഹൈക്കോടതിയിൽ വാദിച്ചത്. താൻ ഉപകരണം മാത്രമാണെന്നും സർക്കാർ ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ടി ഒ സൂരജ് ഹൈക്കോടതിയിൽ പറഞ്ഞു. 

Read Also: പാലാരിവട്ടം മേൽപാലം അഴിമതി; ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും


 

click me!