
ഇടുക്കി: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ രോഗഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയാവുന്നു. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾ ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേർപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയായ മുപ്പത്തിയൊമ്പതുകാരൻ പുറ്റടിയിൽ ബേക്കറി നടത്തുകയാണ്.
ഇന്നലെയും കടതുറന്നിരുന്നു. മൂന്ന് ദിവസം മുമ്പ് റാൻഡം പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്ന് സ്രവം ശേഖരിച്ചത്. പരിശോധനാഫലം വന്നത് ഇന്നലെ ഉച്ചയോടെയും. കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. കരുണാപുരം പഞ്ചായത്തിൽ നേരത്തെ ഒരു കൊവിഡ് കേസ് ഉണ്ടായിരുന്നുവെങ്കിലും ആ രോഗിയുമായി യുവാവിന് സമ്പർക്കം ഉണ്ടായിട്ടില്ല.
കമ്പംമേട്ട് വഴി തമിഴ്നാട്ടിൽ നിന്ന് വന്ന ചരക്ക് ലോറി ഡ്രൈവർമാർക്ക് ഇയാൾ ബേക്കറിയിൽ നിന്ന് സാധനങ്ങൾ നൽകിയിരുന്നു. ഇവരിൽ നിന്നാകാം രോഗം ബാധിച്ചതെന്നാണ് പ്രധാന സംശയം. ബേക്കറിയിലും വീടിന് പരിസരത്തുമൊക്കെയായി ആയിരത്തിലധികം പേരുമായി യുവാവ് സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇവരെയൊക്കെ കണ്ടെത്തി നിരീക്ഷണത്തിൽ വയ്ക്കുക എന്നത് ആരോഗ്യപ്രവർത്തകർക്ക് വൻ വെല്ലുവിളിയാണ്. ചെക്ക് പോസ്റ്റുകളിലെ പരിശോധന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് ഒരു പരിശോധനയും കൂടാതെയാണ് ഡ്രൈവർമാരെത്തുന്നതെന്ന് നേരെത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam