
കൊച്ചി: കെടി ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച മാധവ് വാര്യരുമായി തർക്കമില്ലെന്ന് എച്ച് ആർ ഡി എസ്. മാധവ് വാര്യരുടെ കമ്പനിക്കാണ് അട്ടപ്പാടിയിലെ വീട് നിർമ്മാണത്തിന്റെ കരാർ നൽകിയത്. 192 വീടുകൾ നിർമ്മിച്ചതിൽ ചിലത് പൂർത്തിയായില്ല. ഇതാണ് പണം നൽകാത്തതിന് കാരണം. ഇനി രണ്ടര കോടി രൂപയാണ് നൽകാനുള്ളത്. അവശേഷിക്കുന്ന വീട് പണി കൂടെ പൂർത്തിയായാൽ ഉടൻ പണം നൽകും. വീട് പണി പൂർത്തിയാക്കാത്തതിന് മാധവ് വാര്യരുടെ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. മാധവ് വാര്യക്ക് നൽകിയ ചെക്ക് മടങ്ങിയത് സാങ്കേതികത്വം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ ടി ജലീലിന്‍റെ ബിനാമി ആണെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. മുംബൈ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുറാന്‍ എത്തിച്ചുവെന്ന് കോണ്‍സല്‍ ജനറല്‍ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു.
ഈ ആരോപണങ്ങളെല്ലാം മാധവ വാര്യർ തള്ളി. സ്വപ്ന സുരേഷിന്‍റെ ആരോപണം വാസ്തവവിരുദ്ധമെന്ന് അദ്ദേഹം പ്രതികരിച്ചു. കെ ടി ജലീലിനെ നാലഞ്ച് തവണ കണ്ടിട്ടുള്ളതല്ലാതെ മറ്റ് ബന്ധങ്ങളില്ല. ഫ്ലൈ ജാക് എന്ന സ്ഥാപനം ഇപ്പോൾ തന്‍റേത് അല്ല എന്നും മാധവ വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫ്ലൈ ജാക് 2010ല്‍ ഹിറ്റാച്ചി ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന ഒരു ജാപ്പനീസ് കമ്പനി വാങ്ങി. 2014ല്‍ കമ്പനിയില്‍ നിന്ന് താന്‍ എംഡിയായി വിരമിച്ചു. ഔദ്യോഗികമായി തനിക്ക് അവിടെ യാതൊരു സ്ഥാനവും ഇല്ല. ഈന്തപ്പഴവും ഖുറാനുമൊക്കെ അതേ കമ്പനി വഴി കൊണ്ടുവന്നു എന്ന സ്വപ്നയുടെ വാദവും തെറ്റാണ്. കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കെ ടി ജലീല്‍ വളരെ ബഹുമാന്യനായ മുന്‍ മന്ത്രിയാണ്. അദ്ദേഹം നല്ലൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിനായി താന്‍ ഒന്നും ചെയ്തിട്ടില്ല. താനും ജലീലും തമ്മില്‍ ബിനാമി ബന്ധമുണ്ടെന്നൊക്കെ പറയുന്നത് കളവാണ്. അക്കാര്യം അന്വേഷിച്ചു കണ്ടെത്തട്ടെ എന്നും മാധവ വാര്യര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam