കൊവിഷീൽഡ് വാക്സീൻ സ്റ്റോക്ക് കുറഞ്ഞു; സംസ്ഥാനത്ത് മിക്ക ജില്ലകളിലും മെഗാ വാക്സീനേഷൻ മുടങ്ങും

By Web TeamFirst Published Apr 15, 2021, 8:37 AM IST
Highlights

തിരുവനന്തപുരത്തും എറണാകുളത്തുമടക്കം അഞ്ച് ജില്ലകളിൽ കൊവീഷീൽഡ് വാക്സീൻ സ്റ്റോക്ക് തീർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സീനേഷൻ മുടങ്ങും. കൊവിഷീൽഡ് വാക്സീന്റെ സ്റ്റോക്ക് കുറഞ്ഞതാണ് കാരണം. ഇതോടെ വാക്സീനേഷൻ ക്യാംപുകൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചു. ഇന്ന് അടുത്ത ബാച്ച് വാക്സീൻ എത്തിയാൽ മാത്രമേ നാളെ വീണ്ടും ക്യാംപുകൾ പുനരാരംഭിക്കാൻ കഴിയൂ.

തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളിൽ കൊവീഷീൽഡ് വാക്സീൻ സ്റ്റോക്ക് തീർന്നു. രണ്ട്  ലക്ഷം ഡോസ് കൊവാക്സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാലും തുടർലഭ്യത സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് മാസ് വാക്സീനേഷൻ തത്കാലം വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികളിലും ചൊവ്വാഴ്ച തന്നെ വാക്സീനേഷൻ തടസപ്പെട്ടിരുന്നു.

എറണാകുളത്ത് കൊവിഷീൽഡ് വാക്സീന്റെ സ്റ്റോക് തീർന്നു. എന്നാൽ കൊവാക്സീന്റെ 28000 ഡോസ് ഇവിടെയുണ്ട്. ഇതുപയോഗിച്ച് രണ്ട് ദിവസം കൂടി വാക്സീനേഷൻ നടത്താനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. അതുകൊണ്ട് മാസ് വാക്സീനേഷൻ മുടങ്ങാതിരിക്കാൻ കൊവാക്സീൻ ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത ബാച്ച് 20 ന് മുൻപ് ലഭിക്കുമെന്നാണ് കരുതുന്നതെന്നും എറണാകുളത്തെ ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. 

കോഴിക്കോട് ജില്ലയിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ മുടങ്ങില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ 60000 ഡോസ് കൊവിഷീൽഡ് വാക്സീൻ ജില്ലയിലുണ്ട്. ഇന്ന് 153 കേന്ദ്രങ്ങളിൽ വാക്സീനേഷൻ ക്യാമ്പ് നടക്കും.

click me!