
മലപ്പുറം: കേരള കോൺഗ്രസ് എമ്മിനെ യു ഡി എഫിലേക്ക് എത്തിക്കാനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാൻ പറ്റുന്ന ആരുമായി യു ഡി എഫ് യോജിക്കുമെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസിനെ കൊണ്ട് വരാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവരിച്ചു. ആശയപരമായി യോജിക്കുന്ന ആരുമായും യോജിക്കാമെന്നത് വിശാല അർത്ഥത്തിൽ പറഞ്ഞത് ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 'അർദ്ധ സമ്മതത്തിൽ ഒന്നും നടക്കില്ല' എന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഫോർമുല വച്ചുള്ള ചർച്ച ആരുമായും ഉണ്ടായിട്ടില്ല. കൂടുതൽ കക്ഷികൾ യു ഡി എഫിലേക്ക് വരുന്ന ട്രെൻഡ് ഉണ്ടാകും. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി കാപ്പനുമായി ചർച്ച നടത്തിയെന്ന വാർത്തകളോടും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാണി സി കാപ്പൻ വീട്ടിൽ വന്നിരുന്നു. ഇതുവഴി പോകുമ്പോൾ വരാറുണ്ട്. അതുപോലെയാണ് ഇപ്പോഴും വന്നത്. നേതാക്കൾ തമ്മിൽ കാണുമ്പോൾ രാഷ്ട്രീയം ചർച്ച ആകും. മാണി സി കാപ്പൻ വന്നപ്പോൾ സ്വാഭാവികമായും രാഷ്ട്രീയവും ചർച്ചയായി. എന്നാൽ അജണ്ട വച്ച് ഒന്നും ചർച്ചയായിട്ടില്ല. മറ്റു കാര്യങ്ങൾ എല്ലാം അഭ്യൂഹം ആണ്. ബാക്കി ഒന്നും ഇപ്പോൾ പറയാനായിയിട്ടില്ല, കുറച്ചു കഴിയട്ടെ എന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ മാണി രംഗത്തെത്തി. എൽ ഡി എഫിൽ ഉറച്ച് നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറഞ്ഞ ജോസ് കെ മാണി, അഞ്ച് എം എൽ എമാരും ഒരുമിച്ചു നിൽക്കുമെന്നും വ്യക്തമാക്കി. സോണിയ ഗാന്ധിയുമായി ചർച്ച നടത്തി എന്ന വാർത്തകൾ തള്ളിയ ജോസ് കെ മാണി ഞങ്ങളെ ഓർത്ത് ആരും കരയേണ്ടെന്ന് ആവർത്തിച്ചു. നിലവിൽ ഇടതിനൊപ്പം തുടരുമെന്ന് പറയുമ്പോഴും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ജോസ് സമ്മതിച്ചു. കേരള കോൺഗ്രസ് എവിടെയാണോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിൻ്റെ പരാമർശവും നിർണ്ണായകമാണ്. വാർത്താസമ്മേളനത്തിൽ മുന്നണി മാറ്റ നീക്കം തള്ളുമ്പോഴും ജോസ് വരുമെന്ന പ്രതീക്ഷ ആവർത്തിക്കുകയാണ് കോൺഗ്രസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam