സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂടുന്നില്ല; അതുമതിയെന്ന് സർക്കാർ; പോരാ എന്ന് ആരോ​ഗ്യവിദ​ഗ്ധർ

By Web TeamFirst Published May 21, 2020, 6:32 PM IST
Highlights

പരിശോധനകളുടെ എണ്ണം പര്യാപ്തമാണെന്നും കിറ്റുകൾ ആവശ്യത്തിനുണ്ടെന്നുമാണ് സർക്കാർ വിശദീകരണം. പ്രതിദിനം 20,000 പരിശോധനകൾക്ക് വരെ കേരളം സജ്ജമാകണമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. 

തിരുവനന്തപുരം: പ്രവാസികൾ തിരിച്ചെത്തിയ ശേഷവും സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയില്ല. തിരിച്ചെത്തുന്ന പ്രവാസികളിൽ 20 ശതമാനത്തോളം പേരെ മാത്രമാണ് നിലവിൽ പരിശോധിച്ചിട്ടുളളത്. പരിശോധനകളുടെ എണ്ണം പര്യാപ്തമാണെന്നും കിറ്റുകൾ ആവശ്യത്തിനുണ്ടെന്നുമാണ് സർക്കാർ വിശദീകരണം.

രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ദിവസേന ശരാശരി 500 പരിശോധനകളായിരുന്നു സംസ്ഥാനം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവ് പരിശോധനകളേ സംസ്ഥാനത്ത് നടത്തുന്നുളളൂ എന്ന വിമർശനങ്ങൾ വ്യാപകമായതോടെ ഏപ്രിൽ അവസാനത്തോടെ പരിശോധനകൾ ശരാശരി 800 ആക്കി. മെയ് ആദ്യവാരമാണ്  മറ്റ് രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുളള തിരിച്ചുവരവ് തുടങ്ങിയത്. ഇതിന് ശേഷമാണ് ദിനംതോറുമുളള പരിശോധനകളുടെ എണ്ണം ആയിരം കടന്നത്. 1500ലേറെ പരിശോധനകൾ നടന്നത് രണ്ട് ദിവസം മാത്രമാണ്.

78,000ത്തിലേറെ പ്രവാസികളാണ് ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയത്. ഇതുവരെ പരിശോധിച്ചത് 15,000ത്തിലേറെ പേരെ മാത്രമാണ്. ലക്ഷണങ്ങൾ ഉളളവർക്കുളള പരിശോധകൾക്ക് പുറമേ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പൊലീസുകാർ, ആരോഗ്യപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം 6540 സാന്പിളുകൾ ശേഖരിച്ച് പരിശോധിച്ചു. സെന്റിനൈൽ സർവലൈൻസിന്റെ ഭാഗമായി ശരാശരി ഒരു ദിവസം ശേഖരിക്കുന്നത് 400 സാന്പിളുകൾ. സന്പർക്കത്തിലൂടെയുളള രോഗവ്യാപനം കുറഞ്ഞതോടെയാണ് സാധാരണ ജനങ്ങളിൽ നിന്നും  സാമ്പിളുകൾ ശേഖരിക്കുന്നത് കുറച്ചത്. സ്രവ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് പരിശോധനകളടക്കം തുടങ്ങാതെ ടെസ്റ്റുകളുടെ എണ്ണം ഉയർത്താനാകില്ല.

മടങ്ങിവരുന്നവരുടെ എണ്ണം കൂടുമ്പോൾ പ്രതിദിനം 20,000 പരിശോധനകൾക്ക് വരെ കേരളം സജ്ജമാകണമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 
 

click me!