
വയനാട്: വയനാട് പുത്തുമലയില്‍ ദുരന്തമുഖത്ത് എത്ര പേർ കുടുങ്ങി എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇവരെ കുറിച്ച് ഒരു വിവരവും ആർക്കും അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥല പരിചയമുള്ള പ്രാദേശിക രക്ഷാപ്രവർത്തകരെ കൂടുതൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ ശ്രമിക്കും.
പുത്തുമലയില്‍ ആവശ്യമെങ്കിൽ സൈന്യത്തെ വീണ്ടും ആവശ്യപ്പെടും. കാലാവസ്ഥ ഇപ്പോൾ പ്രതികൂലമാണ്. ഇനിയും പ്രതികൂലമായാൽ രക്ഷാപ്രവർത്തനത്തെ ബാധിക്കും. ബാണാസുര അണക്കെട്ട് തുറന്നാൽ പ്രശ്നം ഉണ്ടാകാവുന്ന പ്രദേശങ്ങളിലെ മുഴുവൻ പേരേയും മാറ്റി പാർപ്പിക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.
ആരെയും പ്രദേശത്ത് താമസിക്കാന്‍ അനുവദിക്കരുതെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മേപ്പാടിയിലെ പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷാപ്രവർത്തകർ.
രക്ഷാപ്രവർത്തിന് തിരിച്ചടിയായി പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും രൂക്ഷമാകുകയാണ്. പുത്തുമലയിലേക്ക് എത്താനുള്ള പ്രധാന പാതയായ കള്ളാടിയിൽ മണ്ണിടിച്ചൽ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാൽ രക്ഷാപ്രവർത്തകരുടെ വാഹനങ്ങൾക്ക് പുത്തുമലയിലേക്ക് എത്താനാകുന്നില്ല.
വ്യാഴാഴ്ച വൈകിട്ടോടെയാണ് പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് മുഴുവനായും ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്.
മലയാളം പ്ലാന്‍റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പാടികൾ എട്ട് കുടുംബങ്ങൾ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്സുകൾ, ഇരുപതോളം വീടുകൾ, പള്ളിയും അമ്പലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുൾപൊട്ടലിൽപ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകർന്നതോടെ മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam