അൻവറിനെതിരെ ചെറുവിരൽ അനക്കാതെ പൊലീസ്; ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ടതിലും നടപടിയില്ല

Published : Sep 14, 2024, 06:20 AM ISTUpdated : Sep 14, 2024, 06:40 AM IST
അൻവറിനെതിരെ ചെറുവിരൽ അനക്കാതെ പൊലീസ്; ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ടതിലും നടപടിയില്ല

Synopsis

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫേസ്ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യരേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്.

മലപ്പുറം: ക്രൈംബ്രാഞ്ചിലെ രഹസ്യരേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി വി അൻവറിനെതിരെ അന്വേഷണം നടത്താതെ പൊലീസ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫേസ്ബുക്കിലിട്ടത്. ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യരേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്. അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ നടപടി ശുപാർശ ചില ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യവച്ച് ആണെന്നുള്ള ആരോപണവുമുണ്ട്.

ഫോണ്‍ ചോർത്തുന്നതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പൊലീസ് ഇതിൽ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യ രേഖയും പുറത്തുവിട്ടു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർഎസ്എസ് അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്. പൊലീസുകാർ ഉപയോഗിക്കുന്ന അയാപ്സ് സോഫ്റ്റുവർ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നും ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോർന്നത്. വാർത്താ സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ട ശേഷം അൻവർ സ്വന്തം ഫേസ്ബുക്ക് പേജിലും ഈ രേഖ ഇട്ടു. പൊലീസിലെ രഹസ്യ രേഖ എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് ഒരുന്വേഷണവും നടത്തുന്നില്ല. ഈ റിപ്പോർട്ടിൽ നടപടി വേണമെന്നാവശ്യപ്പെട്ട് അൻവർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. 

ചോർച്ച അന്വേഷിക്കാതെ നടപടി മാത്രം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഉയരുന്ന ചോദ്യം. അന്വേഷണ റിപ്പോർട്ട് പേട്ടയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും, പകർപ്പുകള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും, ആഭ്യന്തരവകുപ്പിലും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാണുള്ളത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ചു. പക്ഷെ ചിലരെ മാത്രം ലക്ഷ്യവച്ചുള്ള റിപ്പോർട്ടിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി തന്നെ സംശയം പ്രകടിപ്പിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. കൻോമെൻ്റ്  അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൽ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതി പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹോദരനോട് നടത്തിയ കുറ്റസമ്മതം പുറത്തുവന്നതോടെയാണ് പ്രതികളിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ആശ്രമം കത്തിച്ച ശേഷം ഒരു റീത്തിൽ കുറിപ്പെഴുതിയ പ്രതി പ്രകാശ് വച്ചിരുന്നു. കേസിൽ പ്രധാന തെളിവാകേണ്ട പ്രകാശിന്‍റെ കൈയക്ഷരവും റീത്തുമെല്ലാം ഇപ്പോള്‍ കാണാനില്ല. സ്ഥലത്തെത്ത് നിന്നും പൊലീസെടുത്ത് റീത്ത് റിപ്പ് പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരൻ കോടതിയിൽ നിന്നും വാങ്ങിയതായി രേഖയുണ്ട്, സ്റ്റേഷനിൽ എത്തിച്ചതിന് രേഖയില്ല. ഈ പൊലീസുകാരനെതിരെ റിപ്പോർട്ടിൽ നടപടിയില്ല. സൈബർ പൊലീസാണ് നിരവധി പേരുടെ ഫോണ്‍ വിശദാംശങ്ങളെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ ഷാഡോ പൊലീസാണ് ശേഖരിച്ച് പ്രത്യേക സംഘത്തിന് കൈമാറിയത്. ഇതിൽ പലതും കാണാനില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നിരവധി കൈമാറിയ രേഖകള്‍ കാണാതായിട്ടും നടപടി മുൻ കൻോമെൻ്റ് അസി.കമ്മീഷണർ ദിനിൽ രാജിനും ഷാഡോ പൊലീസിനെതിരെ മാത്രമൊതുക്കി. റീത്ത് കാണായതായതെങ്ങനെന്നത്തിൽ ക്രൈംബ്രാഞ്ചിന് മറുപടിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം സിസിടിവി ശേഖരിച്ചു നൽകിയും, ഫോണ്‍ രേഖ പരിശോധിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നാണ് പ്രധാന ചോദ്യം. മാത്രമല്ല അന്വേഷണം നടത്തിയ മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഇപ്പോള്‍ ബിജെപി പ്രവർത്തകനുമായ രാജേഷ് അന്വേഷണം വഴിതിരിച്ചുവെന്നാണ് അൻവറിന്‍റെ ആരോപണം. എന്നാൽ രാജേഷിനെതിരെ ഒരു നടപടിയും ഈ റിപ്പോർട്ടിൽ പറയുന്നുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി