
പാലക്കാട് : ഉദ്ഘാടനം കഴിഞ്ഞ് എട്ട് വർഷമാകുമ്പോഴും പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിനൊപ്പം ആശുപത്രി എന്ന് ചേർക്കാനാകില്ല.ഓ പിയിൽ പോലും രോഗികൾ എത്തുന്നത് വിരളം. കിടത്തി ചികിത്സ തുടങ്ങുന്നതിലെ താമസം ഒരു നാടിന്‍റെ പ്രതീക്ഷയ്ക്ക് ഏറ്റ ആഘാതമായി തുടരുന്നു.രാജ്യത്ത് പട്ടികജാതി വകുപ്പിന് കീഴിൽ തുടങ്ങിയ ആദ്യത്തെ മെഡിക്കൽ കോളേജിനാണ് ഈ അവസ്ഥ.
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ്. പുറത്ത് നിന്ന് നോക്കിയാൽ ഫൈവ് സ്റ്റാർ കെട്ടിടങ്ങൾ.ദേശീയ പാതയ്ക്ക് അരികെ വമ്പൻ ക്യാമ്പസ്.എന്നാൽ അകത്ത് ചെന്ന് നോക്കിയാലേ സത്യാവസ്ഥ അറിയൂ
മഴക്കാലമാണ്,പനിക്കാലവും. ആശുപത്രിയിൽ ഒര ഓപി ഉണ്ട് , പക്ഷേ, രോഗികളില്ല. രോഗമില്ലാത്തത് കൊണ്ടല്ല , ആരും വരാത്തത് കൊണ്ടാണ് , അതിനും കാരണം ഉണ്ട്. പ്രാഥമിക രോഗനിർണയ ഉപകരണമായ എക്സറേ യൂണിറ്റ് പോലും രണ്ടുമണിവരെ മാത്രമേ പ്രവർത്തിക്കൂ.പിന്നെ ആശ്രയം സ്വകാര്യ ലാബുകൾ. അല്ലെങ്കിൽ ജില്ലാ ആശുപത്രിയെ ആശ്രയിക്കണം.
പ്രതിമാസം 250 ലേറെ പേരെയാണ് മികച്ച ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ നിന്നും പറഞ്ഞയക്കുന്നത്. ആംബുലൻസുകൾ എല്ലാം ചീറിപ്പായും. തൃശ്ശൂരിലേക്കും കോയമ്പത്തൂരിലേക്കും..മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ തുടങ്ങുന്നത് വൈകുന്തോറും ഈ പാച്ചിലും തുടരും.
കെട്ടിടത്തിന്‍റെ പുറംമോടി അകത്തില്ല.പണികഴിഞ്ഞിടത്ത് ചോർച്ചയുണ്ട്.കാറ്റടിച്ചൊരുമഴ പെയ്താൽ ആശുപത്രിക്ക് അകത്ത് വെള്ളക്കെട്ട്. വെള്ളം കെട്ടിക്കിടക്കുമ്പോൾ ടൈലിലെ സാഹസിക നടത്തം ഒഴിവാക്കാൻ,റബർ മാറ്റിനോട് ചേർന്നു നടക്കണം.
ആറ്റുനോറ്റുണ്ടായ ഉണ്ണിയെന്നാണ് ഉദ്ഘാടന സദസ്സിൽ നേതാക്കൾ പറഞ്ഞത്. പക്ഷേ എട്ട് വർഷത്തിനിപ്പുറവും ആ ഉണ്ണി മുട്ടലിഴയുകയാണ്. മെഡിക്കൽ കോളേജ് എന്ന് സർവ സന്നാഹങ്ങളുള്ള ആശുപത്രിയായി എന്ന് നടന്നു തുടങ്ങുമെന്നതിന് കൃത്യമായ ഉത്തരം ആർക്കുമില്ല