'വീട് വില്‍ക്കാന്‍ ലോട്ടറി വേണ്ട'; വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്

Published : May 09, 2022, 10:32 AM ISTUpdated : May 09, 2022, 10:46 AM IST
'വീട് വില്‍ക്കാന്‍ ലോട്ടറി വേണ്ട'; വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍ക്കെതിരെ ലോട്ടറി വകുപ്പ്

Synopsis

വട്ടിയൂർകാവിലെ അജോ - അന്ന ദമ്പതികളാണ് കടത്തിൽ നിന്ന് കരകയറാൻ വീട് വിൽക്കാൻ കൂപ്പൻ ഇറക്കിയത്.കൂപ്പണ്‍ വിൽപ്പന നിയമ വിരുദ്ധമെന്ന് ലോട്ടറി വകുപ്പ് 

തിരുവനന്തപുരം: വീട് വിറ്റ് കടംവീട്ടാൻ സമ്മാനക്കൂപ്പണുമായിറങ്ങിയ  തിരുവനന്തപുരം വട്ടിയൂർക്കാവിലെ ദമ്പതികൾക്ക് തിരിച്ചടി.കൂപ്പണ്‍ വിൽപ്പന നിയമ വിരുദ്ധമാണെന്ന് സംസ്ഥാന ലോട്ടറി  വകുപ്പ് വ്യക്തമാക്കി, നടപടിയും തുടങ്ങിയിട്ടുണ്ട്. ഇന്ന് എസ്പിക്ക് പരാതി നല്‍കുമെന്ന് ജോയിന്റ് ഡയറക്ടർ വ്യക്തമാക്കി. വ്യക്തികൾക്ക് പൈസ വാങ്ങി കൂപ്പണോ ലോട്ടറിയോ നടത്താനാകില്ല. പൊലീസ് എത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. 

കൂപ്പണ്‍ വില്‍പ്പന നിര്‍ത്തിവച്ചു

ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലെ അയോജ് - അന്ന ദമ്പതികള്‍ കൂപ്പണ്‍ വിൽപ്പന തത്കാലത്തേക്ക് നിർത്തിവച്ചു. മൂന്ന് കിടപ്പ് മുറികളുള്ള വീട് വിൽക്കാൻ 2000 രൂപയുടെ കൂപ്പണാണ് ഇവർ പുറത്തിറക്കിയത്. ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കൂപ്പൺ എടുക്കുന്നവരിൽ ഭാഗ്യശാലിക്ക് ഒക്ടോബർ 17ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് വിവാദ വീട്.

വിദേശത്തെ ജോലി വിട്ട് നാട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് ബാധ്യതകൾ തീർക്കാൻ ഇവര്‍ കൂപ്പണിറക്കിയത്. ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് വീട് വാങ്ങിയത്. 45 ലക്ഷം രൂപയ്ക്കായിരുന്നു വീട് വാങ്ങിയത്. ബിസിനസ് തുടങ്ങി നാട്ടിൽ കഴിയുകയായിരുന്നു ലക്ഷ്യം. കൊവിഡ് എത്തിയതോടെ ഇവരുടെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു.ഇവർക്ക് 32 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനുണ്ട്. വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറല്ല.

ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പൺ ഇറക്കാമെന്ന ആശയമുണ്ടായത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാൽ നറുക്കെടുപ്പ് എന്നതായിരുന്നു ഇവരുടെ ആശയം. 18 ലക്ഷം രൂപ സമ്മാന നികുതി നൽകണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായ അജോയുടെയും ഭാര്യയുടേയും ആഗ്രഹം. ഇതിനോടകം 100 കൂപ്പൺ വിറ്റുപോയി. 8089748577 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് ഉത്തമ വിശ്വാസമായാൽ മാത്രം കൂപ്പൺ എടുക്കമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

കൂപ്പൺ കൊറിയറായും നൽകും. പരമാവധി ടിക്കറ്റുകൾ വിൽക്കാനായിരുന്നു ശ്രമം. നറുക്കെടുപ്പ് നടക്കാതെ പോയാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ലോട്ടറി വകുപ്പ് നടപടി തുടങ്ങിയ സാഹചര്യത്തില്‍, വീട് വില്‍ക്കാനുള്ള ശമ്രത്തിന് തിരിച്ചടിയായിരിക്കയാണ്.

1000 രൂപക്ക് 68 സെന്‍റ് ഭൂമി

 4വർഷം തുടർച്ചയായി ശ്രമിച്ചിട്ടും ഭൂമി വിൽക്കാനാകാതെ വന്നതോടെ ഒരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങിയിരിക്കയാണ് പുതുക്കാട് കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും. ലക്ഷങ്ങൾ വില വരുന്ന തങ്ങളുടെ 68 സെന്റ് സ്ഥലം നറുക്കെടുപ്പിന് വച്ചിരിക്കുകയാണ് ഈ ദമ്പതികൾ.ഈ ഭാഗ്യ പരീക്ഷണത്തിന് ചിലവ് ആയിരം രൂപയാണ്. ആയിരം മുടക്കി ഒരു സമ്മാന കൂപ്പൺ എടുക്കുക. നിശ്ചിത ദിവസത്തിന് ശേഷം ഒരാളെ നറുക്കെടുത്ത് അയാൾക്ക് ഈ ഭൂമി നൽകും. അങ്ങനെ ഒരു ഭാഗ്യ ശാലിക്ക് തങ്ങളുടെ 68 സെന്റ് സ്ഥലം വെറും ആയിരം രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് ഇവർ പറയുന്നത്. കടബാധ്യതകൾ തീർക്കാനും മകന്റെ പഠനചെലവിനുമായാണ് ഈ ഭൂമി വിൽക്കാൻ ഇവർ തീരുമാനിച്ചത്. രണ്ട് പ്രളയവും കൊവിഡ് കാലവുമെല്ലാമെത്തിയതോടെ ഭൂമി കച്ചവടം തന്നെ മന്ദഗതിയിലായതാണ് വിൽപ്പന നടക്കാത്തതിനുള്ള കാരണം. ഓഗസ്റ്റ് 15നാണ് നറുക്കെടുപ്പ്. നായരങ്ങാടിയിലെ, ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്സിൽ വച്ച് നറുക്കെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ സാങ്കേതികമോ നിയമപരമോ ആയ തടസ്സമുണ്ടായാൽ കൂപ്പൺ തുക തിരിച്ച് നൽകുമെന്നും ഇവർ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ