'ഇപ്പോള്‍ ഇളവ് നല്‍കേണ്ട സാഹചര്യം അല്ല'; മുഖ്യമന്തിക്ക് കത്ത് നൽകി തന്ത്രി സമാജം

By Web TeamFirst Published Jun 8, 2020, 10:33 AM IST
Highlights

തിരക്ക് കുറഞ്ഞ ക്ഷേത്രങ്ങളിൽ ആദ്യം എന്ന ക്രമത്തിൽ ഘട്ടം ഘട്ടമായി മാത്രം ഭക്തരെ പ്രവേശിപ്പിച്ചാൽ മതിയാകും എന്നും അഖില കേരള തന്ത്രി സമാജം നിലപാടറിയിച്ചു. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതലാണ് രാജ്യത്ത് കൂടുതൽ ഇളവുകൾ വരുന്നത്.

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ അതീവ ഗുരുതരമായി പടരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അടിയന്തിരമായി ഇളവ് നൽകേണ്ട സാഹചര്യം ഇല്ലെന്ന് അഖില കേരള തന്ത്രി സമാജം. ഇക്കാര്യം കാണിച്ചു മുഖ്യമന്തിക്ക്  കത്ത് നൽകി.

നിലവിലെ സ്ഥിതി   അൽപ്പകാലത്തേക്കു കൂടി തുടരുകയാണ്  അഭികാമ്യമെന്നും തന്ത്രി സമാജം കത്തില്‍ വ്യക്തമാക്കി. തിരക്ക് കുറഞ്ഞ ക്ഷേത്രങ്ങളിൽ ആദ്യം എന്ന ക്രമത്തിൽ ഘട്ടം ഘട്ടമായി മാത്രം ഭക്തരെ പ്രവേശിപ്പിച്ചാൽ മതിയാകും എന്നും അഖില കേരള തന്ത്രി സമാജം നിലപാടറിയിച്ചു. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതലാണ് രാജ്യത്ത് കൂടുതൽ ഇളവുകൾ വരുന്നത്.

സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ഇന്ന് മുതൽ പൂർണ്ണതോതിൽ പ്രവർത്തിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ എന്നിവയിൽ എല്ലാ ജീവനക്കാരും ജോലിക്കെത്തണം. എന്നാൽ, കണ്ടെയിൻമെന്റ് സോണുകളിലെ ഓഫീസുകളിൽ നിയന്ത്രണം തുടരും. സംസ്ഥാനത്തെ ക്ഷേത്രങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുന്നതിന് മുന്നോടിയായുളള വൃത്തിയാക്കൽ ജോലികൾ ഇന്ന് നടക്കും.

കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ആരാധനാലയങ്ങളുടെ പ്രവർത്തനം. 65 വയസിന് മുകളിൽ ഉളളവർക്കും10 വയസിൽ താഴെയുളളവർക്കും പ്രവേശനം ഉണ്ടാകില്ല. റസ്റ്റോറൻറുകളിലും ഫുഡ് കോർട്ടുകളിലും പകുതി ഇരിപ്പിടങ്ങളിൽ മാത്രമെ ആളുകളെ അനുവദിക്കൂ. മാളുകളിലെ സിനിമാഹാളുകളും കുട്ടികളുടെ കളിസ്ഥലങ്ങളും തുറക്കില്ല.

ആരാധനാലയങ്ങളിൽ ഇന്നു മുതൽ ആളുകൾക്ക് പ്രവേശനം അനുവദിക്കുമെങ്കിലും മഹാരാഷ്ട്ര, തമിഴ്നാട് , ഒഡീഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തൽക്കാലം തുറക്കില്ല. പഞ്ചാബിൽ റസ്റ്ററൻറുകൾ അടഞ്ഞ് കിടക്കും. ദില്ലിയിൽ ആരാധനാലയങ്ങളും റസ്റ്ററൻറുകളും മാളുകളും തുറക്കും. ഹോട്ടലുകൾക്ക് അനുമതി നല്കിയിട്ടില്ല. ഇളവുകൾക്ക് ശേഷമുള്ള ദേശീയ സാഹചര്യം ഈയാഴ്ച കേന്ദ്രം വിലയിരുത്തും.

click me!