
ദില്ലി:വിശ്വഹിന്ദു പരിഷത്ത് നാളെ ഹരിയാനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഘോഷയാത്രക്ക് അനുമതി നിഷേധിച്ചു. കഴിഞ്ഞ മാസം നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നൂഹില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ ഭരണ കൂടത്തിന്‍റെ നിര്‍ദ്ദേശം തള്ളിയ വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നിശ്ചയിച്ച പോലെ തന്നെ യാത്ര നടത്തുമെന്ന് വ്യക്തമാക്കി. ആറ് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ കലാപം.വിഎച്ച്പി നയിച്ച യാത്രക്ക് നേരെയുണ്ടായ കല്ലേറാണ് കഴിഞ്ഞ മാസം ഹരിയായെ മുള്‍മുനയില്‍ നിര്‍ത്തിയത്. മഹാക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബ്രജ്മണ്ഡല്‍ ജലഘോഷയാത്രയെന്ന പേരില്‍ നടത്തുന്ന യാത്രയുടെ രണ്ടാം ഘട്ടം നാളെ തുടങ്ങാന്‍ വിഎച്ച്പി തയ്യാറെടുക്കുമ്പോഴാണ് നൂഹ് ഭരണകൂടം അനുമതി നിഷേധിച്ചിരിക്കുന്നത്.
ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇന്നലെ തന്നെ റദ്ദ് ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്‍ കരുതലായി അവധി പ്രഖ്യാപിച്ചു. പോലീസ് വിന്യാസവും കൂട്ടി. വേണ്ടിവന്നാല്‍ സൈന്യത്തിന്‍റെ സഹായവും തേടാനാണ് നീക്കം. ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെര്‍പ്പ യോഗം ഹരിയാനയില്‍ നടക്കുന്നതും യാത്ര തടയാനുള്ള കാരണമായി. എന്നാല്‍ മുന്‍ നിശ്ചയിച്ചതുപോലെ രാവിലെ 11 മണിക്ക് തന്നെ മഹാക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ഘോഷയാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ബജ്രംഗ് ദള്‍, ഗോ രക്ഷാ ദള്‍ അടക്കമുള്ള സംഘടനകളും യാത്രയില്‍ പങ്കെടുക്കും.വൈകീട്ട് നാല് മണിവരെയാണ് യാത്ര. ഭരണ കൂടം നിരോധിച്ച യാത്ര നടത്തുമെന്ന് വിഎച്ച് പി വ്യക്തമാക്കുമ്പോള്‍ നൂഹിലെ സാഹചര്യം സങ്കീര്‍ണ്ണമായേക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam