
പാലക്കാട്: അട്ടപ്പാടിയിലെ കൂക്കമ്പാളയം ജി യു പി സ്‌കൂളിൽ സ്വന്തമായി കളിക്കളമില്ലാത്തതിനെ തുടർന്ന് സ്‌കൂൾ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് സംഘടിപ്പിക്കേണ്ടിവന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിലെ വിദ്യാർത്ഥികൾ കായിക ഉപകരണങ്ങൾ ചുമന്ന് മൂന്ന് കിലോമീറ്ററോളം നടന്നാണ് പുഴയോരത്തെ താത്കാലിക കളിക്കളത്തിൽ എത്തിയത്. ഇതോടൊപ്പം പുഴയോരത്ത് മറകെട്ടിയാണ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ വസ്ത്രം മാറിയത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീന്‍റെ സ്വന്തം മണ്ഡലത്തിലാണ് വിദ്യാർഥികൾക്ക് ഈ ദുരവസ്ഥ ഉണ്ടായത്. സ്‌കൂളിൽ കളിക്കളമൊരുക്കണമെന്ന ആവശ്യവുമായി നാളുകളായി അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികളും അധ്യാപകരും പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പെടെ പ്രദേശവാസികളും അധ്യാപകരും നിവേദനം നൽകിയിരുന്നെങ്കിലും പ്രശ്നപരിഹാരം നീളുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അപകടകരമായ രീതിയിൽ പുഴയോരത്ത് കായികമേള സംഘടിപ്പിക്കേണ്ടി വന്ന സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam