'വിഭാഗീയ താത്പര്യങ്ങളുടെ പേരിലുള്ള സംരക്ഷണം ഒരാൾക്കും ഇനി ലഭിക്കില്ല'; കർശന മുന്നറിയിപ്പുമായി എം.വി ഗോവിന്ദൻ

Published : Feb 12, 2023, 12:07 PM ISTUpdated : Feb 12, 2023, 01:35 PM IST
'വിഭാഗീയ താത്പര്യങ്ങളുടെ പേരിലുള്ള സംരക്ഷണം ഒരാൾക്കും ഇനി ലഭിക്കില്ല'; കർശന മുന്നറിയിപ്പുമായി എം.വി ഗോവിന്ദൻ

Synopsis

 പികെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ നിലപാട് കടുപ്പിച്ച്  സംസ്ഥാന നേതൃത്വം.അന്വേഷണ വിവരങ്ങൾ പുറത്തു വിടരുതെന്ന് കർശന നിർദേശം

പാലക്കാട്:സി പി എം ജില്ല സെക്രട്ടേറിയറ്റ് അംഗം പികെ.ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ നിലപാട് കടുപ്പിച്ച്  സംസ്ഥാന നേതൃത്വം.വിഭാഗീയ താത്പര്യങ്ങളുടെ പേരിലുള്ള സംരക്ഷണം ഒരാൾക്കും ഇനി ലഭിക്കില്ലെന്ന കർശന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ശശിക്കെതിരായ പരാതികളിൽ ഉടൻ അന്വേഷണം തുടങ്ങും. അതെ സമയം അന്വേഷണ വിവരങ്ങൾ പുറത്തു വിടരുതെന്ന കർശന നിർദേശമാണ് നേതൃത്വം നൽകിയിരിക്കുന്നത്.

മുൻ എംഎൽഎ യും  കെടിഡിസി  ചെയർമാനുമായ പി.കെ ശശിക്കെതിരെയുള്ള പാർട്ടി ഫണ്ട് തിരിമറി പരാതികൾ ഒന്നും തന്നെ പുതിയതല്ല. വർഷങ്ങളായി സി പി എം മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റികൾ രേഖകൾ സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും ഒരനക്കവും  ഉണ്ടായിരുന്നില്ല. എന്നാൽ സി പി എം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദൻ ചുമതലയേറ്റ ശേഷമാണ് പാർട്ടിക്കും അതീതനായുള്ള ശശിയുടെ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന കർശന മുന്നറിയിപ്പ് നൽകുന്നത്.  ഇതിൻ്റെ തുടർച്ചയായാണ് പാർട്ടി ഫണ്ട് തിരിമറിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പി.കെ ശശി ചെയർമാനായ യൂണിവേഴ്സൽ കോളേജിനായി സിപിഎം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളിൽ നിന്ന്  പാർട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണമുണ്ട്.  ശശിയെ ഭയന്നാണ് തുക നൽകിയതെന്നാണ് ബാങ്ക് പ്രസിഡൻ്റുമാർ ജില്ല നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.2017 ഡിസംബറിൽ   മണ്ണാർക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തിൽ  17 ലക്ഷം ബാക്കി വന്നു. തുകയിൽ 7 ലക്ഷം റൂറൽ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൌണ്ടിലിട്ടു.

10 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്.2009 - 10 കാലത്താണ് മണ്ണാർക്കാട് ഏരിയ ഓഫീസ് ഉണ്ടാക്കിയത്.സമാഹരിച്ച തുകയിൽ  10 ലക്ഷം ബാക്കി വന്നു.  ആ 10 ലക്ഷവും റൂറൽ ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്കാണ് ശശി മാറ്റിയതെന്നും പരാതിയുണ്ട്..ഇക്കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുക. പുത്തലത്ത് ദിനേശൻ മണ്ണാർക്കാട് ഏരിയാ കമ്മറ്റിയിൽ പോയി അന്വേഷണം നടത്തും. അതെ സമയം അന്വേഷണം മാധ്യമസൃഷ്ടി മാത്രമെന്നാണ് എം.വി ഗോവിന്ദൻ്റെ വിശദീകരണം

വർഷങ്ങളായി പാലക്കാട് ജില്ലയിൽ പ്രത്യേകിച്ച് മണ്ണാർക്കാട് പ്രദേശത്ത് പാർട്ടിയെ അടക്കി ഭരിച്ചിരുന്ന പി കെ ശശിയ്ക്ക് കനത്ത തിരിച്ചടിയാണ് നേതൃത്വത്തിൻ്റെ നീക്കം. ഒരു കാലത്ത് പാർട്ടിയിലെ വിശ്വസ്തരായിരുന്നവർ തന്നെയാണ് ശശിക്കെതിരായ പടയൊരുക്കത്തിന് ചുക്കാൻ പിടിച്ചതെന്നതും ശ്രദ്ധേയമാണ്.

 

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല