താല്‍കാലിക ആശ്വാസം: ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണമില്ലെന്ന് കെഎസ്ഇബി

By Web TeamFirst Published Jul 4, 2019, 5:24 PM IST
Highlights

ഡാമുകളിലെ ജലശേഖരത്തിന്‍റെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാതെ വന്നതോടെയുമാണ് മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലെത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വൈദ്യുതി നിയന്ത്രണമുണ്ടാക്കില്ല. കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് താല്‍കാലം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന തീരുമാനമെടുത്തത്. 

ജൂലൈ 15-ന് വൈദ്യുതി ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തും. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും. എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് ജൂലൈ 15-ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും എന്‍എസ് പിള്ള വ്യക്തമാക്കി. 

നാഷണൽ ഗ്രിഡിൽ 500 മെഗാവാട്ട് കൂടി  കൊണ്ട് വരാൻ അനുമതി തരണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വർദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

ഡാമുകളിലെ ജലശേഖരത്തിന്‍റെ അളവ് വളരെ കുറയുകയും പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാതെ വന്നതോടെയുമാണ് മണ്‍സൂണ്‍ സീസണിന്‍റെ തുടക്കത്തില്‍ തന്നെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 

click me!