അന്തിക്കാട് കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലെ പക, പങ്കില്ലെന്ന് സിപിഎം

By Web TeamFirst Published Oct 10, 2020, 10:06 PM IST
Highlights

നിധിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ പിടിയിലായി. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്

തൃശ്ശൂർ: അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് സിപിഎം. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കുണ്ടെന്ന ആരോപണം പച്ചക്കള്ളമാണ്. കൊലപാതകത്തിന് കാരണം ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയാണെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു.

നിധിലിന്‍റെ കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. കൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണെന്നും കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എ സി മൊയ്തീനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അണികളെ കൊലപാതകത്തിന് സിപിഎം പ്രേരിപ്പിച്ചുവെന്നും കൊല്ലപ്പെട്ടയാൾ ബിജെപി പ്രവർത്തകനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

നിധിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസിന്റെ പിടിയിലായി. മുറ്റിച്ചൂർ സ്വദേശി സനൽ ആണ് കസ്റ്റഡിയിലായത്. രാവിലെ 11.30 ക്ക് അന്തിക്കാട് വട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് സംഭവം. കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൽ, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോളാണ് കൊലപാതകമുണ്ടായത്. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്‍റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. 

അഞ്ച് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. ഇതിൽ സനലിനെ പിടികൂടിയത് തൃശൂരിൽ നിന്നാണ്. കൊലയ്ക്ക് ശേഷം പ്രതികൾ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ജൂലായില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒൻപത് പ്രതികളില്‍ ഒരാളാണ് നിധില്‍. നിധിലിന്‍റെ സഹോദരനാണ് ആദര്‍ശിനെ വെട്ടികൊലപ്പെടുത്തിയത്. നിധിലാണ് പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചത്. 

രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ കൊലപാതകമെന്നാണ് ബിജെപിയുടെ ആരോപണം. കൊല്ലപ്പെട്ട നിധിലിന്‍റെ കാറിന്‍റെ മുൻ സീറ്റില്‍ നിന്ന് പൊലീസ് വടിവാള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറയില്‍ കണ്ടെത്താനായിട്ടില്ല. മറ്റ് പ്രതികൾ ജില്ല വിട്ടിരിക്കാമെന്നാണ് നിഗമനം.

click me!