ഇത്തവണ സാലറി ചലഞ്ച് ഇല്ല: ഓണാഘോഷം ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍

By Web TeamFirst Published Aug 21, 2019, 11:13 AM IST
Highlights

പ്രളയസഹായത്തിന് അർഹരായവരെ ഓരോ ജില്ലയിലും ചുമതലയുളള മന്ത്രിമാരുടെ നേതൃത്വത്തിൽ തീരുമാനിക്കും. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് വിവാദമായ സാഹചര്യത്തിൽ കൂടിയാണ് തീരുമാനം എന്നതും ശ്രദ്ധേയമാണ്. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്തമാസം ഏഴിന് മുമ്പ് കൊടുത്തു തീര്‍ക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തു. 

പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങളുണ്ടാക്കും, ഓരോ ജില്ലയിലും അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും സഹായത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ഉണ്ടാക്കുക. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെയാണ് തീരുമാനം. ആര്‍ഭാടങ്ങൾ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സർക്കാർ ജീവനക്കാർക്ക് ബോണസ് കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

 

 

 

click me!