
തൃശ്ശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ അവധി ചോദിച്ചായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവർ അജുവിന്‍റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെയാണ് അവധിക്കപേക്ഷിച്ചതെന്ന് ഡ്രൈവർ എം സി അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ശമ്പളം മുടങ്ങിയതിൽ ധനവകുപ്പിനെ പഴിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തി.
സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈമാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല.
Also Read: അരിക്കൊമ്പന്‍ പോയി, പടയപ്പ വന്നു; ആനപ്പേടിയൊഴിയാതെ മറയൂര്‍, വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്
കഴിഞ്ഞ വര്‍ഷവും സമാനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്മെന്‍റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. കെഎസ്ആര്‍ടിസിയും ധന, സഹകരണ വകുപ്പുകളും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷനും മുടങ്ങാന്‍ കാരണം.
അതിനിടെ, കെഎസ്ആർടിസി ശമ്പള പ്രശ്നത്തിൽ ധനവകുപ്പിനെ പഴിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തി. 110 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി അനുവദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. പെൻഷന്റെ കാര്യത്തിലും ഗതാഗത വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കി. ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam