എം ശിവശങ്കര്‍ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ; സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സംഘര്‍ഷം

By Web TeamFirst Published Oct 17, 2020, 2:09 PM IST
Highlights

മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു . ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. 

തിരുവനന്തപുരം: കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധന ആവശ്യമാണെന്നും  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എം ശിവശങ്കറിനെ പരിശോധിക്കുന്നുണ്ട്.  

ഉച്ചക്ക് ശേഷമാണ് ആശുപത്രി മാറ്റത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ശിവശങ്കറിനെ പ്രവേശിപ്പിച്ച ബ്ലോക്കിന് സമീപത്തേക്ക് ആംബുലൻസ് എത്തിച്ചു. പിന്നീട് നടപടി ക്രമങ്ങൾ ബാക്കിയാണെന്ന് അറിയിച്ച് വാഹനം മാറ്റിയിട്ടു. തുടര്‍ന്ന് രണ്ടേകാലിന് ശേഷമാണ്  എം ശിവശങ്കറിനെ പുറത്തെത്തിച്ചത്. ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു. 

 രാവിലെ ആൻജിയോഗ്രാം പൂര്‍ത്തിയാക്കിയ ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. എന്നാൽ നട്ടെല്ലിന് വേദനയുണ്ടെന്ന് എം ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിൽ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടത്. 

ആൻജിയോഗ്രാമിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണ്. എംആര്ഐ സ്കാൻ അടക്കമുള്ള പരിശോധനകൾ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

രാവിലെ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനെ പ്രവേശിപ്പിച്ച കരമനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയിരുന്നു. വിദഗ്ധ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കണമെന്നും ഇതിനായി  എം ശിവശങ്കറിനെ ആശുപത്രി മാറ്റണമെന്നും   കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദ്ദേശമായിരുന്നു. 

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കനെ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കസ്റ്റംസ് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അവരുടെ വാഹനത്തിലാണ് ശിവശങ്കറിനെ ആശുപത്രിയിലാക്കിയത്. കാര്‍ഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ആൻജിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തി നില തൃപ്തികരമെന്ന് വിലയിരുത്തിയിരുന്നു. 

തുടര്‍ന്ന് വായിക്കാംഎം ശിവശങ്കര്‍ ഐസിയുവിൽ ; എത്തിച്ചത് കസ്റ്റംസ് വാഹനത്തിൽ, എൻഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ...

 

click me!