
ദില്ലി:കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല.സംസ്ഥാനത്തിനായി മുൻ അറ്റോർണി ജനറൺ കെ കെ വേണുഗോപാൽ ഹാജരായി.അപ്പീലിനെ പിന്തുണയ്ക്കുന്നതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.റിജി കെ ജോണിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരായി.കുഫോസ് മുൻ വിസിയുടെ അപ്പിലീൽ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.രണ്ടാഴ്ച്ചക്ക് ശേഷം കേസ് പരിഗണിക്കും.കേസിൽ തീർപ്പാക്കും വരെ ആക്ടിംഗ് വിസിയെ ചാൻസലർ നിയമിക്കും.ഈ കാലയളവിൽ എന്ത് നിയമനം നടന്നാലും അതിന് സുപ്രിം കോടതിയുടെ അന്തിമ വിധി ബാധകമാകുമെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കി കാർഷികസർവകലാശാല ആയതിനാൽ യുജിസി ചട്ടം കുഫോസിന് ബാധകമാകില്ലെന്ന് മുൻ വിസിക്കായി ജയ്ദീപ് ഗുപ്ത വാദിച്ചു.വിസിയാകാൻ എല്ലാ യോഗ്യതയും റിജി ജോണിനുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ പരിധിയിലുള്ള നിയമനമാണ് കുഫോസിൽ നടന്നതെന്നും സംസ്ഥാനനിയമമാണ് പാലിക്കപ്പെടേണ്ടെതെന്നും മുൻ അറ്റോർണി ജനറൺ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു.എന്നാൽ വിസി നിയമനം റദ്ദാക്കിയത് സുപ്രീം കോടതിയുടെ മുൻവിധി ചൂണ്ടിക്കാട്ടിയാണെന്നും യുജിസി ചട്ടങ്ങളുടെ ലംഘനമാണ് കുഫോസിൽ നടന്നതെന്നും കേസിലെ കക്ഷിയായ ഡോ. ജി സദാശിവൻ നായർക്കായി ഹാജരായി മുതിർന്ന അഭിഭാഷകൻ കൈലാസനാഥൻ പിള്ള വാദിച്ചു.സെർച്ച് കമ്മിറ്റി നിയമനവും ഒരാളുടെ പേര് മാത്രമായി നൽകിയതും നിയമലംഘനമാമെന്ന് കേസിൽ കക്ഷിയായ കെ.കെ. വിജയനായി വാദിച്ച മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം പറഞ്ഞു.
തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി ജോൺ പിഎച്ച്ഡി കാലയളവായ മൂന്ന് വർഷം പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയത്. റിജി ജോണിനെ നിർദ്ദേശിച്ച സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യതയില്ലാത്തവരും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എന്നാൽ കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യുജിസി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം.