
തൃശൂര്‍: വോട്ട് എണ്ണിയപ്പോള്‍ ബിജെപിക്ക് 333 വോട്ട്, എല്‍ഡിഎഫിന് 330. ആറ് പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം എല്‍ഡിഎഫിനും ഒരു വോട്ട് അസാധു. മറ്റൊരു ബാലറ്റ് പേപ്പറില്‍ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ഒരു വോട്ടിന് ജയം എല്‍ഡിഎഫിന്.പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് സൂപ്പര്‍ഹിറ്റ് സിനിമാ കൈമാക്‌സുകളെ വെല്ലുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് മത്സരഫലം വന്നത്. ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടിലും, നിലവിലെ പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെഎസ് തമ്പിയും തമ്മിലായിരുന്നു പൂമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പ്രധാന മത്സരം. പീയൂസ് തൊമ്മാനയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ആകെ പോള്‍ ചെയ്ത 6 പോസ്റ്റല്‍ വോട്ടില്‍ നാലെണ്ണം ഇടത് സ്ഥാനാര്‍ഥി കെഎസ് തമ്പി നേടി. ഒരു വോട്ട് ബാലറ്റ് കവര്‍ സാങ്കേതിക കാരണം പറഞ്ഞ് അസാധുവാക്കി. മറ്റൊരു കവര്‍ തുറന്നപ്പോള്‍ അതിലെ ബാലറ്റ് പേപ്പറില്‍ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ല. ആകെ 'ഒരു വോട്ടിന്' ഇടത് സ്ഥാനാര്‍ഥി, കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെഎസ് തമ്പി വിജയിച്ചു.
വോട്ട് ചെയ്യാത്ത പോസ്റ്റല്‍ വോട്ട് വലിയ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നതായി ബിജെപി ആരോപിച്ചു. വോട്ട് ചെയ്യാതെ കാണുന്ന പോസ്റ്റല്‍ ബാലറ്റ് ഒരേ സമയം കൗതുകവും ദുരൂഹതയും ജനിപ്പിക്കുന്നതായി ഇവര്‍ പറഞ്ഞു. വോട്ട് യൂണിയന്‍ നേതാക്കള്‍ക്ക് കൈമാറിയതിന് ശേഷം അതില്‍ തിരിമറി നടക്കാനുള്ള സാധ്യതയാണ് ഇതെന്നും , ബാലറ്റ് പേപ്പറുകളുടെ ഫോറന്‍സിക് അനാലിസിസ് ഇക്കാര്യത്തില്‍ സത്യം പുറത്ത് കൊണ്ട് വരാന്‍ സഹായിക്കുമെന്നും, പാര്‍ട്ടി ഈ വിഷയം നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനത്തിലെത്തുമെന്നും ബിജെപി പറഞ്ഞു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ് ഷണ്‍മുഖം കനാലിനോട് ചേര്‍ന്ന് കിടക്കുന്ന ഇവിടം. 47 വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. അതിദാരിദ്ര്യത്തിന്റെ ദാരുണമായ കാഴ്ചകളാണ് വാര്‍ഡില്‍ ഉടനീളമെന്നും, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് പോലും രാഷ്ട്രീയം നോക്കിയാണെന്നും, വിണ്ട്‌പൊളിഞ്ഞ ചുമരുകളുടെയും തകര്‍ന്ന മേല്‍ക്കൂരകളുടെയും ഉള്ളില്‍ കനാലോരത്ത് ജീവിക്കുന്ന പാവങ്ങളെ ഇടതുപക്ഷം പറഞ്ഞ് പറ്റിക്കുന്നത് മനസിലാക്കിയാണ് വിപിന്‍ പാറമേക്കാട്ടില്‍ അവിടെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ബിജെപി പറഞ്ഞു.
അഞ്ച് വര്‍ഷം ഭരിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നിഷ്‌ക്രിയത്വത്തിനുള്ള മറുപടിയാണ് വോട്ടിങ് യന്ത്രത്തില്‍ കണ്ടതെന്നും, ജനകീയതയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു എന്ന് മേനി നടിക്കുന്ന അദ്ദേഹത്തിന്റെ സിറ്റിംഗ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. ഇരുനൂറോളം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ജയിക്കുന്ന വാര്‍ഡില്‍ ഒരേയൊരു വോട്ടിനു ജയിച്ചത് യഥാര്‍ത്ഥത്തില്‍ ഒരു പരാജയമാണ്. പാര്‍ട്ടി ചിഹ്‌നത്തില്‍ ആരെ നിര്‍ത്തിയാലും ജയിപ്പിക്കാവുന്ന വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് തന്നെ നിന്നിട്ടും പോസ്റ്റല്‍ വോട്ടിന്റെ ബലത്തില്‍ ജയിച്ചത് അവരുടെ രാഷ്ര്ടീയ അധപതനത്തെ സൂചിപ്പിക്കുന്നുവെന്നാണ് ബിജെപി പക്ഷം. ഇതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിക്കാറുള്ള 150 വോട്ടുകള്‍ 30 ലേക്ക് ചുരുങ്ങിയതും വന്‍ ചര്‍ച്ചക്ക് വഴിവെക്കുകയാണ്.
തൃശൂര്‍ ജില്ലയില്‍ ഉടനീളം ബിജെപിക്ക് സാധ്യതയുള്ള വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ഇത്തവണ പരക്കെ വോട്ട് കച്ചവടം ചെയ്തു എന്നത് വോട്ട് നില പരിശോധിച്ചാല്‍ വ്യക്തമാണെന്നും ബിജെപി ആരോപിച്ചു. ബിജെപിയെ ഭയന്ന് ആദ്യമേ ഇടതുപക്ഷം വോട്ട് വെട്ടല്‍ ആരംഭിച്ചിരുന്നതായും, ഒരു വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെ വോട്ട് രണ്ടാം വാര്‍ഡിലും ഭര്‍ത്താവിന്റെ വോട്ട് മൂന്നാം വാര്‍ഡിലും, കാലങ്ങളായി വോട്ട് ചെയ്തിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ വോട്ടുകള്‍ ഇത്തവണ അനധികൃതമായി റദ്ദാക്കിയിട്ടുള്ളതായും ബിജെപി ആരോപിച്ചു. സാങ്കേതിക വിജയത്തെ തെരുവില്‍ ആഘോഷിക്കുന്ന ഇടതുപക്ഷം കെഎസ് തമ്പിയുടെ സിറ്റിംഗ് സീറ്റിലെ തോല്‍വിയും, രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ മേല്‍ക്കോയ്മ തകര്‍ത്ത് വിപിന്‍ പാറമേക്കാട്ടില്‍ നടത്തിയ മുന്നേറ്റവും യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫിന് കനത്ത പ്രഹരം തന്നെയാണ്. വിപിന്‍ പാറമേക്കാട്ടിലിന് ലഭിച്ച പൊതു സ്വീകാര്യതയാണ് രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് മേല്‍ക്കോയ്മ തകര്‍ത്തതെന്നാണ് വോട്ടര്‍മാരുടെയും അഭിപ്രായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam