നാല് മാസമായി ശമ്പളമില്ല; സംസ്ഥാനത്തെ നോണ്‍ അപ്രൂവ്ഡ് അധ്യാപകർ ദുരിതത്തില്‍

By Web TeamFirst Published Aug 26, 2020, 1:02 PM IST
Highlights

ശമ്പളം നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈൻ ക്ലാസുകള്‍ നിര്‍ത്തിവച്ച് സമരത്തിനിറങ്ങാനാണ് അധ്യാപകരുടെ തീരുമാനം.

കോഴിക്കോട്: സംസ്ഥാനത്തെ നോണ്‍ അപ്രൂവ്ഡ് അധ്യാപകർക്ക് നാല് മാസമായി ശമ്പളമില്ല. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇവര്‍, വരുമാനം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ്. ശമ്പളം നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈൻ ക്ലാസുകള്‍ നിര്‍ത്തിവച്ച് സമരത്തിനിറങ്ങാനാണ് അധ്യാപകരുടെ തീരുമാനം.

60 കുട്ടികളിൽ താഴെ മാത്രം പഠിക്കുന്ന സ്കൂളുകളിൽ 2011 ൽ സ്ഥിര നിയമനം നേടിയവരാണ് നോണ്‍ അപ്രൂവ്ഡ് അധ്യാപകർ. സ്കൂളിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ ദിവസ വേതനാടിസ്ഥാനത്തിലായിരുന്നു ഇവരുടെ നിയമനം. ഇത്തരം അധ്യാപകർക്ക് ജോലി ചെയ്യുന്ന ദിവസത്തെ വേതനം മാത്രമേ കൊടുക്കു എന്ന് വ്യക്തമാക്കി ഉത്തരവുമിറങ്ങി. സ്കൂളിലെത്തി ഒപ്പിടുന്നത് കണക്കാക്കിയായിരുന്നു ഇവരുടെ വേതനം കണക്കാക്കിയിരുന്നത്. ലോക്ഡൗണ്‍ കാരണം സ്കൂൾ അടച്ചതോടെ ഒപ്പിടാന്‍ കഴിയാതായി, ഇതതോടെ വരമാനവും നിലച്ചു. എന്നാല്‍ സംസ്ഥാനം ഓണ്‍ലൈൻ പഠനത്തിലേക്ക് മാറിയതോടെ ജോലിഭാരത്തിന് കുറവ് വന്നതുമില്ല.

മുന്‍കാലങ്ങളില്‍ വേനലവധിക്കാലത്ത് മറ്റ് ജോലികള്‍ ചെയ്തായിരുന്നു ഇവർ വരുമാനം കണ്ടെത്തിയിരുന്നത്. ലോക്ഡൗണായതിനാൽ ഇക്കുറി ഏപ്രില്‍, മെയ് മാസങ്ങളില്‍ അതിനും കഴിഞ്ഞില്ല. ആകെ നില്‍ക്കക്കളളിയില്ലാതായ സാഹചര്യത്തില്‍ സമരമല്ലാതെ മറ്റുവഴിയില്ലെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടികൾ കുറഞ്ഞ പല പ്രൈമറി സ്കൂളുകളിലാണ് നോണ്‍ അപ്രൂവ്ഡ് അധ്യാപകര്‍ ഏറെയും ജോലി ചെയ്യുന്നത്. സമരം തുടങ്ങിയാല്‍ ഈ വിദ്യാർത്ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തിലാകും.

click me!