'അത് പണപ്പിരിവല്ല,അമേരിക്കയിൽ നടക്കുന്ന സമ്മേളനത്തിൽ അമേരിക്കൻരീതി'ലോകകേരളസഭ വിവാദത്തില്‍ നോര്‍കയുടെ വിശദീകരണം

By Web TeamFirst Published Jun 1, 2023, 12:37 PM IST
Highlights

സ്പോൺസർഷിപ്പിൽ തീരുമാനം എടുത്തത് പ്രാദേശിക സംഘാടക സമിതി.ഖജനാവിലെ പണം ധൂർത്തു അടിക്കുന്നു എന്ന ആക്ഷേപം ഒഴിവാക്കാൻ ആണ് സ്പോൺസർഷിപ്പെന്നും നോര്‍ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍
 

തിരുവനന്തപുരം: യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നതിനെ ന്യായീകരിച്ച് നോർക്ക. ഖജനാവിലെ പണം ധൂർത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്പോൺസർഷിപ്പ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ്, ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമാണ് പിരിവ്. ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമാണ്  ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിൻറെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘടാകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. അടുത്തിരിക്കാൻ പണം അടിസ്ഥാനമാക്കിയുള്ള പരസ്യത്തിനെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ നോർക്ക  ന്യായീകരിക്കുകയാണ്.പരസ്യം പരിശോധിക്കുമെന്ന് പറയുമ്പോഴും അമേരിക്കൻ രീതിയെന്ന് പറഞ്ഞാണ് നോർക്ക വൈസ് ചെയർമാൻറെ ന്യായീകരണം.

സ്പോൺസർഷിപ്പ് കാർഡ് പ്രാദേശിക സംഘാടകസമിതി തീരുമാനമെന്ന് പറഞ്ഞൊഴിയാൻ് ശ്രമിക്കുമ്പോഴും സംഘാടകസമിതിയിൽ നോർക്ക പ്രതിനിധികളുമുണ്ട്. യാത്രക്കുള്ള പണം ഖജനാവിൽ നിന്നാണ്. മുഖ്യമന്ത്രി സ്പീക്കർ ധനമന്ത്രി, ചീഫ് സെക്രട്ടരി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പ്രതിദിന ബത്തയായി 100 ഡോളറും അനുവദിച്ചിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിക്കിടെ വൻതുക് ചെലവാക്കിയുള്ള അമേരിക്കൻ ലേോകകേരള സഭാ നടത്തിപ്പ് വലിയ ചർച്ചയാകുമ്പോഴാണ് സ്പോൺസർഷിപ്പ് വിവാദം. പൊതുസമ്മേളനം പ്രശസ്തമായ ടൈം സ്ക്വയറിൽ. വൻതുക മുടക്കുന്നവരുടെ പരസ്യ വീഡിയോ ടൈം സ്ക്വയറിൽ കാണിക്കുമെന്നും വാഗ്ദാനമുണ്ട്. രണ്ടരലക്ഷം പേർ അവിടെ മേഖലാസമ്മേളനത്തിനെത്തുമെന്നാണ് അവകാശവാദം

ലോകകേരള സഭ യുഎസ് മേഖല സമ്മേളനത്തിലെ പണപിരിവ് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.മുഖ്യമന്ത്രി ആ പരിപാടിക്ക് പോകരുത്.പണം ഇല്ലാത്തവർ അടുത്ത് വരേണ്ട എന്ന രീതി നാണക്കേടെന്നും അദ്ദഹം പറഞ്ഞു.അമേരിക്കയില്‍ ലോകകേരളസഭാ സമ്മേളനത്തിന് താരനിശ മാതൃകയില്‍ നടക്കുന്ന പണപ്പിരിവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നു വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എം.പി.ആവശ്യപ്പെട്ടു  മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നും സുധാകരന്‍ പരിഹസിച്ചു.

click me!