
തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം (എച്ച്.ആര്‍.ഡി) നോര്‍ക്ക റൂട്ട്സില്‍ നിലവില്‍ വന്നു. കൃത്രിമ സീല്‍ ഉപയോഗിച്ചുളള അറ്റസ്‍റ്റേഷനുകളും വ്യാജസര്‍ട്ടിഫിക്കറ്റുകളും വ്യാപകമായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് അറ്റസ്റ്റേഷന്‍ രീതി ആധുനികമാക്കാന്‍ തീരുമാനിച്ചതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ ലഭ്യമാക്കുന്നത്. പ്രതിവര്‍ഷം 60,000ത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഏജന്‍സി എന്ന നിലയില്‍ ആഗോളതലത്തിലെ ഉത്തരവാദിത്വം കൂടിയാണ് ഇതുവഴി നോര്‍ക്ക റൂട്ട്സ് നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം പറഞു. വ്യാജ അറ്റസ്റ്റേഷനുകള്‍ വ്യാപകമാകുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സംവിധാനങ്ങളുടെ വിശ്വാസ്യത ആഗോളതലത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി പറഞ്ഞു.
പുതിയ സംവിധാനം നിലവില്‍ വന്നതോടെ പരമ്പരാഗത മഷിസീലുകള്‍ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ (എച്ച്. ആര്‍.ഡി) അറ്റസ്റ്റേഷന്‍ ഇനിയുണ്ടാവില്ല. കീറിമാറ്റാന്‍ കഴിയാത്തതും 23-ഓളം പുതിയ സുരക്ഷാഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുളളതാണ് പുതിയ അറ്റസ്റ്റേഷന്‍ സ്റ്റിക്കര്‍. ട്രാക്ക് ആന്റ് ട്രേസ് സംവിധാനമുളള ക്യൂ.ആര്‍ കോഡും അറ്റസ്റ്റേഷനില്‍ ആലേഖനം ചെയ്തിരിക്കുന്നു. അറ്റസ്റ്റേഷന്‍ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ഇതില്‍ രേഖപ്പെടുത്തും. എംബസികള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വളരെ വേഗം ഉറപ്പിക്കാനും ഇതുവഴി കഴിയും.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെയാണ് സംവിധാനമൊരുക്കിയത്. പുതിയ അറ്റസ്റ്റേഷന്‍ സംവിധാനം പ്രയോജനപ്പെടുത്തിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഒതന്റിക്കേഷന്‍ ഓഫീസര്‍ സുനില്‍.കെ.ബാബു, സെന്റര്‍ മാനേജര്‍ എസ്. സഫറുള്ള മറ്റ് നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവരും സംബന്ധിച്ചു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര - കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകള്‍ വഴി സേവനം ലഭ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam