
കൊച്ചി: വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്താമെന്നും വിഡി സതീശൻ. യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും ലൈഫ് പദ്ധതിയെക്കുരിച്ചുള്ള പ്രതികരണം അതിന് ഉദാഹരണമാണെന്നും വിഡി സതീശൻ പറഞ്ഞു. എസ്‍ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണ്. 2024ൽ എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസും യുഡിഎഫും പരസ്യമായി പറഞ്ഞതാണ്. എസ്‍ഡിപിഐ പിന്തുണയിൽ മുഖ്യമന്ത്രി മറുപടി പറയണം.
പിന്തുണ വേണ്ടെന്ന് ഉറപ്പിച്ച് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും വിഡി സതീശൻ ചോദിച്ചു. വികസനവും ശബരിമല വിഷയവുമടക്കം ഏതു വിഷയവും ചര്‍ച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണ്. കേരളത്തിലെ ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ. ഗണേഷ്‍കുമാറിനെ പണ്ട് ചവിട്ടി പുറത്താക്കണമെന്ന് പറഞ്ഞ പിണറായി ഇത്തവണ ആരോപണം ഉയര്‍ന്നപ്പോള്‍ കുടുംബ പ്രശ്നമാക്കി ചുരുക്കി. എസ്‍ഡിപിഐ പിന്തുണ വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. ഇത്ര മാത്രം ജനകീയ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷം വേറെയില്ലെന്നും വിഡി സതീശൻ പറഞ്ഞു.
വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയിൽ ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ലെന്നും കോമണ്‍ ആപ്പ് വഴിയാണ് തുക സമാഹരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. രക്ത സാക്ഷികളുടെ പേരിൽ പണം പിരിച്ചിട്ട് അടിച്ചുമാറ്റിയ പാര്‍ട്ടിയാണ് സിപിഎം. എന്‍റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. വെറെ പണിയില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസിന്‍റെ വയനാട് പുനരധിവാസ ഭൂമിയിൽ അവര്‍ കുടിൽ കെട്ടി സമരം ചെയ്യുന്നത്. എഫ്‍സിആര്‍എ നിയമ ഭേദഗതി ന്യുനപക്ഷങ്ങൾക്കു മേലെയുള്ള കടന്നു കയറ്റമാണ്. അപകടകരമായ കാര്യങ്ങള്‍ അതിലുണ്ട്. പാലക്കാട് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരം. നേമത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും വിഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam