
കോഴിക്കോട്: എംഇഎസിൻ്റെ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം നിഷേധിച്ച എംഇഎസ് കേരള പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ. തനിക്കെതിരെ പൊലീസ് കേസെടുത്തത് അടിസ്ഥാന രഹിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ്. തനിക്കെതിരെ ക്രിമിനൽ കേസല്ല സിവിൽ കേസാണ് പൊലീസ് എടുത്തത്.
പരാതിക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് പൊലീസിന് കേസെടുക്കേണ്ടി വന്നത്. എംഇഎസ് സെക്രട്ടറി മുജീബ് റഹ്മാൻ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത് അച്ചടക്ക നടപടിയെടുത്തിൻ്റെ വിരോധത്തിലാണെന്നും കേസിൽ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ എംഇഎസ് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കുമെന്നും ഫസൽ ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞു.
എംഇഎസിൻ്റെ പൊതുയോഗവും എക്സിക്യൂട്ടിവും ചേർന്നാണ് ഭൂമി ഇടപാടിൽ തീരുമാനമെടുത്തത്. പിന്നെയെന്തിന് താൻ മാത്രം രാജിവയ്ക്കണമെന്നും ഫസൽ ഗഫൂർ ചോദിച്ചു. പരാതിക്കാരൻ്റെ ഹർജിയിൽ എംഇഎസിൻ്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഒന്നിച്ചു നിന്ന് ഇടപാട് നടത്തിയ ശേഷം പിറകിൽ നിന്ന് കുത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമെന്നും ഫസൽ ഗഫൂർ പറഞ്ഞു.
അഴിമതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ എംഇഎസ് പ്രസിഡൻ്റ ഫസൽ ഗഫൂറും ജനറൽ സെക്രട്ടറി പ്രൊഫ.പി.ഒ.ജെ. ലബ്ബയും രാജി വയ്ക്കണമെന്ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ.എൻ.എം. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടിരുന്നു. എംഇഎസിനകത്ത് ജനാധിപത്യം കുറഞ്ഞു വരുന്ന അവസ്ഥായണുള്ളതെന്നും മുജീബ് റഹ്മാൻ ആരോപിച്ചു.
എംഇഎസിൻ്റെ പൊതുഫണ്ടിൽ നിന്നും 3.81 കോടി രൂപ തിരിമറി നടത്തിയെന്ന പരാതിയിലാണ് ഡോ.ഫസൽ ഗഫൂറിനും പ്രൊഫ. ലബ്ബയ്ക്കും എതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. എംഇഎസ് അംഗം നവാസാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ ആളാണ് പരാതി നൽകിയതെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഫസൽ ഗഫൂർ ഇന്നലെ പ്രതികരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam