
കോട്ടയം: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി ഉമ്മൻ ചാണ്ടിയുുടെ മകൾ അച്ചു ഉമ്മനെത്തും. ഏപ്രിൽ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക. പത്തനംതിട്ടയിലെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റർ അച്ചു തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പറഞ്ഞതായി വാർത്തകൾ വന്നിരുന്നു.
വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞതായാണ് റിപ്പോർട്ട് വന്നത്. കോൺഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എ കെ ആന്റണിയും ഉമ്മൻചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻചാണ്ടി അന്തരിച്ചത്.
കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നിരുന്നു. പത്തനംതിട്ടയിൽ കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയെയും മുതിർന്ന സിപിഎം നേതാവും രണ്ടു തവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനിൽ ആൻ്റണി നേരിടുന്നത്. മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam