
കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
അപകടത്തിൽ പരിക്കേറ്റ മറ്റു മൂന്ന് പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോയമ്പത്തൂർ മെഡിക്കൽ കോളേജിലുള്ള മുഹമ്മദ് ഫായിസിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. അതേസമയം, കോയമ്പത്തൂരിൽ തന്നെയുള്ള സഹദിൻ മുഹമ്മദിന്റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തെയും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലയാളി യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്. നൗഷാദ് അലിയുടെ വിയോഗത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. നാലുപേര്‍ക്കാണ് പരിക്കേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam