ചാവക്കാട് രാഷ്ട്രീയക്കൊല: പൊലീസിനെതിരെ ആരോപണവുമായി നൗഷാദിന്‍റെ സഹോദരൻ

By Web TeamFirst Published Aug 2, 2019, 11:03 AM IST
Highlights

വധഭീഷണി ഉണ്ടെന്ന് പലവട്ടം പരാതി അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് നൗഷാദിന്‍റെ സഹോദരന്‍ കമര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായെന്ന് കൊല്ലപ്പെട്ട നൗഷാദിന്‍റെ സഹോദരന്‍. വധഭീഷണി ഉണ്ടെന്ന് പലവട്ടം പരാതി അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് നൗഷാദിന്‍റെ സഹോദരന്‍ കമര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്ന് വേണ്ട നടപടി എടുത്തിരുന്നെങ്കിൽ നൗഷാദ് കൊല്ലപ്പെടില്ലായിരുന്നുവെന്നും കമര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടേറ്റ് മരിച്ചത്. നൗഷാദിനെ വെട്ടിയ നാല് പേരടക്കം 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. നൗഷാദിനെ ഉന്നമിട്ട് ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ചാവക്കാട്, ഗുരുവായൂർ മേഖലകളിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 

ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റത്തിൽ ഏര്‍പ്പെട്ടവരെയടക്കം നിരീക്ഷിക്കുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചായി ‍‍ഡിഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ്‌ മൂന്ന് പേരുടെയും നില തൃപ്തികരമാണ്. ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

click me!