വലിയ അണക്കെട്ടുകള്‍ തുറക്കേണ്ടി വരില്ല; വ്യാജപ്രചരണങ്ങളില്‍ ആശങ്കപ്പെടരുതെന്നും കെഎസ്ഇബി ചെയര്‍മാന്‍

By Web TeamFirst Published Aug 10, 2019, 1:44 PM IST
Highlights

എററവും വലിയ അണക്കെട്ടായ  ഇടുക്കിയില്‍ സംഭരണശേഷിയുടെ 34.41 ശതമാനം മാത്രം വെള്ളം മാത്രമാണുള്ളത് . ഷട്ടറുകളുള്ള 17 അണക്കെട്ടുകളിലും  കൂടി ശരാശരി 39 ശതമാനം  വെള്ളം മാത്രമാണുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തെങ്കിലും വലിയ അണക്കെട്ടുകളില്‍ ഭൂരിഭാഗത്തിലും പകുതിയില്‍ താഴെ വെള്ളം മാത്രമേയുള്ളു. വ്യാജപ്രചരണങ്ങളില്‍ ആശങ്കപ്പെടരുതെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു. 

വൈദ്യുതി ബോര്‍ഡിന് സംസ്ഥാനത്ത് 59 അണക്കെട്ടുകളാണുള്ളത്. ഇതില്‍ 42 എണ്ണവും  ഷട്ടറുകളില്ലാത്ത ചെറിയ അണക്കെട്ടുകളാണ്. എററവും വലിയ അണക്കെട്ടായ  ഇടുക്കിയില്‍ സംഭരണശേഷിയുടെ 34.41 ശതമാനം മാത്രം വെള്ളം മാത്രമാണുള്ളത് . ഷട്ടറുകളുള്ള 17 അണക്കെട്ടുകളിലും  കൂടി ശരാശരി 39 ശതമാനം  വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ  വര്‍ഷം ഇതേ ദിവസം  ഈ അണക്കെട്ടുകളെല്ലാം നിറഞ്ഞ സ്ഥിതിയിലായിരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമായാലും വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും എന്‍ എസ് പിള്ള അറിയിച്ചു. 

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കക്കയം വൈദ്യുതി നിലയം  അടച്ചിടേണ്ടി വന്നു. നിരവിധി സബ് സ്റ്റേഷനുകളും വെള്ളത്തിലായി. വൈദ്യുതി തടസ്സം ഉള്‍പ്പെടയുള്ള വിവിധ കാരണങ്ങള്‍ മൂലം ഉപഭോഗം കുത്തനെ കുറഞ്ഞു. പ്രതിദിനം വൈദ്യുതി ബോര്‍ഡിന് 18 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. 

വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.  ഈ സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് ഭിഷണി ഒഴിയുമെന്നാണ്  വൈദ്യുതി ബോര്‍ഡിന്‍റെ  പ്രതീക്ഷയെന്നും എന്‍ എസ് പിള്ള പറഞ്ഞു.

click me!