പ്രമേയം പാസാക്കി ശ്രീദേവി വിലാസം കരയോഗം, 'സ്വാർത്ഥ ലാഭത്തിനായി എൻഎസ്എസിനെ ഇടതുപക്ഷത്തിന്‍റെ തൊഴുത്തിൽ കെട്ടിയ സുകുമാരൻ നായർ രാജിവക്കണം'

Published : Oct 05, 2025, 03:58 PM IST
Sukumaran Nair

Synopsis

തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പ്രമേയം പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്

ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത് മുതൽ സുകുമാരൻ നായർക്കെതിരെ എൻ എസ് എസിൽ തുടങ്ങിയ പൊട്ടിത്തെറി രൂക്ഷമാകുന്നു. ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗം പ്രമേയം പാസാക്കി എന്നതാണ് ഏറ്റവും പുതിയ വാർത്ത. സുകുമാരൻ നായർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കകണമെന്നതടക്കമുള്ള ആവശ്യപ്പെട്ടുള്ള പ്രമേയം തലവടി ശ്രീദേവി വിലാസം 2280 നമ്പർ കരയോഗമാണ് പാസാക്കിയത്. കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഈ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. സുകുമാരൻ നായർ എൻ എസ് എസിനെ സ്വാർത്ഥ ലാഭത്തിനായി ഇടതുപക്ഷത്തിന് തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയെന്നതടക്കമുള്ള വിമർശനങ്ങൾ ഉൾക്കൊള്ളുന്നതാണ് പ്രമേയം.

പ്രമേയത്തിലൂടെ സുകുമാരൻ നായർ രാജിവെക്കണമെന്നും കരയോഗം ആവശ്യപ്പെട്ടു. എൻ എസ് എസിന്റെ മൂല്യങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്രമേയത്തിന് പിന്നിലെന്ന് കരയോഗം പ്രതിനിധികൾ വ്യക്തമാക്കി. ഇടത് പിന്തുണയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും വിമർശനങ്ങളും എൻ എസ് എസിനുള്ളിൽ ദിനംപ്രതി ശക്തമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ശ്രീദേവി വിലാസം കരയോഗത്തിന്‍റെ പ്രമേയം.

സര്‍ക്കാര്‍ അനുകൂല നിലപാട് വിശദീകരിക്കാൻ വിളിച്ച അടിയന്തര യോഗം മാറ്റിവെച്ചു

അതേസമയം ശബരിമല വിഷയത്തിൽ എൻ എസ് എസ് സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് താഴെത്തട്ടിലേക്ക് വിശദീകരിക്കാൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിളിച്ച യോഗം മാറ്റിവെച്ചു. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്ത് നാളെ നടത്താൻ തീരുമാനിച്ച താലൂക്ക് യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും അടിയന്തര യോഗമാണ് മാറ്റിയത്. യോഗത്തിൽ പങ്കെടുക്കുന്നതിന് ഭൂരിഭാഗം താലൂക്ക് യൂണിയൻ ഭാരവാഹികളും അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് പിന്നീട് ഒരു ദിവസത്തേക്ക് യോഗം മാറ്റിയത്. സർക്കാർ അനുകൂല നിലപാടിൽ ജനറൽ സെക്രട്ടറിക്കെതിരെ വ്യക്തിപരമായ അടക്കം വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങൾ വിശദീകരിക്കാൻ യോഗം വിളിച്ചത്.

അയ്യപ്പ സംഗമത്തിലെ ഇടത് പിന്തുണയിൽ മാറ്റമില്ല

അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ നൽകിയ ഇടത് പിന്തുണയിൽ മാറ്റമില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരൻ നായർ ഇടത് പിന്തുണയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങൾ വിഷയം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശനം ഉന്നയിച്ചു. രാഷ്ട്രീയ സമദൂരം തുടരുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വിശദീകരിച്ചു. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ എസ് എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട്. ഇപ്പോൾ ചിലർ സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. സമദൂരത്തിലാണ് എൻ എസ് എസ് നിൽക്കുന്നത്. അങ്ങനെ കഴിയുന്ന എൻ എസ് എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബി ജെ പിയും ആക്കാൻ ആരും ശ്രമിക്കരുതെന്നും ചങ്ങനാശ്ശേരിയിൽ നടന്ന വിജയദശമി ദിന പരിപാടിയിൽ സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയമായി എല്ലാവരോടും സമദൂരം പാലിക്കുന്ന നിലപാടാണ് എൻഎസ്എസിന്റേതെന്ന് അദ്ദേഹം ആവർത്തിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു