
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ പറഞ്ഞു.
ഏറെ നാളായി സിപിഎമ്മും സർക്കാരുമായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവിലാണ് തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് എൻഎസ്എസ് നീങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള വിഷയങ്ങളിൽ എൻഎസ്എസിന്‍റെ നിലപാടുകളെ ശക്തമായി തള്ളിപ്പറഞ്ഞിട്ടില്ല സിപിഎമ്മും സർക്കാരും. എന്നാൽ മിത്ത് പരാമർശത്തിൽ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എൻഎസ്എസും നൽകുകയാണ്. പ്രശ്നപരിഹാരത്തിന് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് സുകുമാരൻ നായരുടെ ഒടുവിലത്തെ വാർത്താക്കുറിപ്പ്. എ എൻ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാൽ എൻഎസ്എസ് ആവശ്യം സിപിഎം തള്ളി.
ഷംസീര്‍ മാപ്പ് പറയില്ലെന്നും പ്രസ്താവന തിരുത്തില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് സ്പീക്കര്‍ എ എൻ ഷംസീറിന്‍റെ വിശദീകരണം. ഇപ്പോഴത്തെ ചര്‍ച്ചകള്‍ നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam