
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുള്ള പി വി എന്‍വര്‍ എംഎല്‍എയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രളയകാലത്ത് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അന്‍വറിനെ ഹീറോയാക്കുകയാണ് എന്നാല്‍ പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ പാര്‍ക്കുണ്ടാക്കിയ കക്കാടംപൊയിലില്‍ ജൂണ്‍ 13,14 ദിവസങ്ങളില്‍ മാത്രം പത്തിടത്താണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് രാഹുല്‍ ആരോപിക്കുന്നു.
ആ ഉരുൾപൊട്ടലിന്‍റെ കാരണം ആ കുന്ന് കയ്യേറി അവിടുത്തെ പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന വാട്ടര്‍ തീം പാര്‍ക്കാണ്. ജീവിക്കാനുള്ള അതിജീവന സമരത്തിന്‍റെ ഭാഗമായി ആ പാർക്കിനെതിരായി അവിടുത്തെ നാട്ടുകാർ രംഗത്ത് വന്നപ്പോഴാണ് ജപ്പാനില്‍ മഴ പെയ്യിക്കുന്ന വിചിത്ര വാദം അന്‍വര്‍ നിരത്തിയത്. കുടരഞ്ഞി വില്ലേജ് ഓഫീസർ അൻവറിന്‍റെ പാർക്ക് കാരണം അവിടെ ഉരുൾപ്പൊട്ടലുണ്ടാകുന്നുവെന്നും സമുദ്രനിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിൽ മലയുടെ ഒരുവശം ഇടിച്ച് നിർമിച്ച പാർക്ക് തന്നെ അപകട ഭീഷണിയിലാണെന്നും വിശദമാക്കി സമർപ്പിച്ച ഒരു റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ലെന്നും രാഹുല്‍ ആരോപിക്കുന്നു.
നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി സ്ത്രീ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചാലും അയാളെ തോളിലേറ്റി നോട്ടുമാലയിടും നമ്മള്‍. കവികള്‍ അയാളുടെ സ്ത്രീ സംരക്ഷണ മനസ്സിനെ പ്രകീര്‍ത്തിച്ച് ഭീമനോടുപമിച്ച് മഹാകാവ്യം എഴുതും. സൈബര്‍ നിഷ്പക്ഷ എഴുത്തുകാര്‍ നീണ്ട ലേഖനമെഴുതി കാക്കത്തൊള്ളായിരം ലൈക്കുകള്‍ വാങ്ങും. ഒ ബി വാനുകള്‍ അയാള്‍ക്ക് പിന്നാലെ പായും. നമ്മള്‍ #ഗോവിന്ദച്ചാമിഉയിര്‍ എന്ന് ഏറ്റുപറഞ്ഞ് പ്രൊഫൈല്‍ പിക്കിടും. ഇതു കണ്ട് ദൂരെ മാറിയിരുന്ന് നമ്മുടെ മറവിയെ പരിഹസിച്ച് ഒരു അരണ പൊട്ടിച്ചിരിക്കുമെന്നും പരാമര്‍ശിച്ചാണ് രാഹുലിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam