കൊവിഡ് ബാധിതരുടെ എണ്ണം കൂടി: ആലപ്പുഴയിൽ മൂന്ന് കണ്ടൈൻമെൻ്റ് സോണുകൾ

By Web TeamFirst Published May 26, 2020, 10:17 AM IST
Highlights

രോഗം സ്ഥിരീകരിച്ചവരിൽ 19 പേരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. 

ആലപ്പുഴ: രോഗബാധിതരുടെ എണ്ണം ഇരുപതിലേക്ക് എത്തിയതോടെ ആലപ്പുഴ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാഭരണകൂടം. ചെങ്ങന്നൂർ നഗരസഭ, പാണ്ടനാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ മൂന്ന് വാർഡുകൾ കണ്ടൈയിൻമെന്‍റ് സോണുകളാക്കി. ജില്ലയിൽ ആദ്യമായാണ് കണ്ടൈയിൻമെന്‍റ് സോൺ പ്രഖ്യാപിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരിൽ 19 പേരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. എല്ലാവരും ക്വാറന്‍റീനിൽ ആയിരുന്നത് ആശ്വാസമാണ്. എന്നാൽ പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ജില്ലാഭരണകൂടം. 

കൂടുതൽ പോസ്റ്റീവ് കേസുകൾ വന്ന ചെങ്ങന്നൂർ താലൂക്കിലാണ് അതീവ ജാഗ്രത. പാണ്ടനാട് പഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. കൂടാതെ ചെങ്ങന്നൂർ നഗരസഭയിലെ മൂന്നാം വാർഡും കണ്ടൈൻമെൻ്റ സോണാണ്. ഇവിടങ്ങളിൽ വാഹന ഗതാഗതം നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 8 മുതൽ 11 വരെ തുറക്കാം. പൊതുവിതരണകേന്ദ്രങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് വരെയും അനുവാദമുണ്ട്. മറ്റെല്ലാ സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടക്കും. 

നാല് പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നിയമനടപടിയുണ്ടാകും. ഇതോടൊപ്പം രോഗബാധിതർ കൂടുതലുള്ള മാവേലിക്കര താലൂക്കിലും നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും ഒരാൾ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

click me!