
കൊച്ചി: മഴക്കെടുതികൾക്കൊപ്പം സംസ്ഥാനം പനിക്കിടക്കയിലും. സംസ്ഥാനത്ത് ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം ഉയരുന്നുവെന്നാണ് റിപ്പോർട്ട്. നാല് ദിവസത്തിനിടെ 302 പേർക്കാണ് രോഗബാധ. എച്ച്1എൻ1 കേസുകളും ഉയരുകയാണ്.
പനി, ശരീരവേദന, ജലദോഷം- സാധാരണ പനിയാണെന്ന് കരുതി ഒഴിയരുത്. സംസ്ഥാനത്തെ ഇൻഫ്ലുവൻസ്, അഥവാ ഫ്ലൂ കേസുകൾ ഉയരുകയാണ്. ഇന്നലെ മാത്രം 115 രോഗികളാണ് ചികിത്സ തേടിയത്. നാല് ദിവസത്തിനിടെ 3 മരണം റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ 2899 പേർക്കാണ് രോഗബാധയുണ്ടായത്. 31 മരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ ആകെ 70 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന H1N1 കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ജൂലൈ വരെയുള്ള കണക്ക് പ്രകാരം 2771 പേർക്ക് H1N1 സ്ഥിരീകരിച്ചു. 42 H1N1 മരണവും. കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിരക്കിലാണ് ഇൻഫ്ലുവൻസ കണക്കുകൾ. എറണാകുളത്താണ് കൂടുതൽ രോഗികൾ. തിരുവനന്തപുരവും കോഴിക്കോടും നഗരമേഖലകളിൽ രോഗബാധ കൂടുന്നുണ്ട്. കാലാവസ്ഥ മാറ്റവും, തിരക്കറേയിതുമെല്ലാം രോഗപകർച്ചയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അന്തരീക്ഷ ഈർപ്പം കൂടിയതിനാൽ കൂടുതൽ സമയം വൈറസ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. സ്കൂൾ അടക്കമുള്ള സ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുമ്പോൾ വൈറസ് വേഗത്തിൽ പകരുന്നു. കണക്കുയരാൻ കാരണമിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗപ്രതിരോധശേഷി കുറഞ്ഞവർ മാസ്ക് ഉപയോഗിക്കുന്നതും, ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ വേഗം ചികിത്സ തേടുന്നതും ഉറപ്പാക്കണം. ഇൻഫ്ലുവൻസ കേസുകൾക്കൊപ്പം, ഡെങ്കി, എലിപ്പനി രോഗികളുടെ എണ്ണത്തിലും കുറവില്ല. പ്രതിദിന ഡെങ്കിരോഗികളുടെ എണ്ണം 100ന് അടുത്താണ്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറുമ്പോൾ എലിപ്പനി രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത മുന്നിലുണ്ട്. തിരിച്ചറിയാൻ വൈകിയാൽ എലിപ്പനി ജീവനെടുക്കും. പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുന്നതും നേരത്തെ ചികിത്സതേടുന്നതും എലിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam